20 – പ്രാർത്ഥന

ഇവ സർവ്വശക്തനായ ദൈവത്തിന്റെ വിശുദ്ധ വാക്കുകളാണ്.
മനുഷ്യരുടെ വാക്കുകളിൽ നമുക്ക് താൽപ്പര്യമില്ല.
ദൈവത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും... ദൈവം പറയുന്നത് ഇതാണ്: പ്രാർത്ഥന.

ഏറ്റവും പ്രധാനപ്പെട്ട 3 വാക്യങ്ങൾ

1. പത്രൊസ് 3:12

കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.”

സങ്കീർത്തനങ്ങൾ 5:1-3

സംഗീതപ്രമാണിക്കു വേണുനാദത്തോടെ ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ; എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നതു. യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.

മത്തായി 6:9-13

നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

കാനോനിക ക്രമത്തിലെ ഓരോ വാക്യവും - 293 ഭാഗങ്ങൾ

ഉല്പത്തി 18:27

പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ.

ഉല്പത്തി 24:12-15

എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നേ കാര്യം സാധിപ്പിച്ചുതരേണമേ. ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു. നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും. അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു.

ഉല്പത്തി 25:21

തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്ക് അവൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു.

ഉല്പത്തി 32:24-30

അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി. എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു. നിന്റെ പേർ എന്തു എന്നു അവൻ അവനോടു ചോദിച്ചതിന്നു: യാക്കോബ് എന്നു അവൻ പറഞ്ഞു. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു. യാക്കോബ് അവനോടു: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നതു എന്തു എന്നു അവൻ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു. ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു.

പുറപ്പാടു 34:28

അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടുകൂടെ ആയിരുന്നു; അവൻ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയിൽ എഴുതിക്കൊടുത്തു.

സംഖ്യാപുസ്തകം 16:22

അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന്നു നീ സർവ്വസഭയോടും കോപിക്കുമൊ എന്നു പറഞ്ഞു.

ആവർത്തനപുസ്തകം 4:29-31

എങ്കിലും അവിടെവെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താൽ അവനെ കണ്ടെത്തും. നീ ക്ലേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേൽ വരികയും ചെയ്യുമ്പോൾ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും. നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവൻ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്റെ നിയമം മറക്കയുമില്ല.

ആവർത്തനപുസ്തകം 9:9

യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാൻ ഞാൻ പർവ്വതത്തിൽ കയറി നാല്പതു രാവും നാല്പതു പകലും പർവ്വതത്തിൽ താമസിച്ചു: ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.

ആവർത്തനപുസ്തകം 9:18

പിന്നെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം നിങ്ങൾ അവന്നു അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.

ആവർത്തനപുസ്തകം 9:25

യഹോവ നിങ്ങളെ നശിപ്പിക്കുമെന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പതുരാവും നാല്പതുപകലും വീണുകിടന്നു;

ആവർത്തനപുസ്തകം 10:10

ഞാൻ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പർവ്വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാൻ യഹോവെക്കു സമ്മതമായി.

യോശുവ 7:6

യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു:

ന്യായാധിപന്മാർ 20:26

അപ്പോൾ യിസ്രായേൽമക്കൾ ഒക്കെയും സർവ്വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ടു അന്നു സന്ധ്യവരെ ഉപവസിച്ചുപാർത്തു യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.

1. ശമൂവേൽ 3:10

അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു.

1. ശമൂവേൽ 12:23

ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‌വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.

1. രാജാക്കന്മാർ 8:22-23

അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തു നിന്നുകൊണ്ടു ആകാശത്തിലേക്കു കൈമലർത്തി പറഞ്ഞതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.

1. രാജാക്കന്മാർ 8:54

ശലോമോൻ യഹോവയോടു ഈ പ്രാർത്ഥനയും യാചനയും എല്ലാം കഴിച്ചുതീർന്നശേഷം അവൻ യഹോവയുടെ യാഗപീഠത്തിൽ മുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലർത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.

1. രാജാക്കന്മാർ 18:36-39

ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.

2. രാജാക്കന്മാർ 19:16

യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ അയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്കു കേൾക്കേണമേ.

2. രാജാക്കന്മാർ 19:19

ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.

2. രാജാക്കന്മാർ 20:2-3

അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു: അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവു ഏറ്റവും കരഞ്ഞു.

1. ദിനവൃത്താന്തം 4:10

യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടു: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.

1. ദിനവൃത്താന്തം 16:8

യഹോവെക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ;

1. ദിനവൃത്താന്തം 16:11

യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.

1. ദിനവൃത്താന്തം 16:34

യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

1. ദിനവൃത്താന്തം 23:30

രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനില്ക്കുന്നതും

2. ദിനവൃത്താന്തം 6:12-14

അനന്തരം അവൻ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തുനിന്നുംകൊണ്ടു കൈ മലർത്തി; ശലോമോൻ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ടു താമ്രംകൊണ്ടു ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വെച്ചിരുന്നു; അതിൽ അവൻ കയറിനിന്നു യിസ്രായേലിന്റെ സർവ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലർത്തി പറഞ്ഞതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.

2. ദിനവൃത്താന്തം 6:19-21

എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ. അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കൺപാർത്തരുളേണമേ. ഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ.

2. ദിനവൃത്താന്തം 6:29-31

യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞു ഈ ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലർത്തുകയും ചെയ്താൽ, നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേട്ടു ക്ഷമിക്കയും ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നല്കുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.

2. ദിനവൃത്താന്തം 6:40

ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.

2. ദിനവൃത്താന്തം 7:14-15

എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൗഖ്യം വരുത്തിക്കൊടുക്കും. ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.

2. ദിനവൃത്താന്തം 12:14

യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സു വെക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു.

2. ദിനവൃത്താന്തം 14:11

ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.

2. ദിനവൃത്താന്തം 15:12

പിന്നെ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അന്വേഷിച്ചുകൊള്ളാമെന്നും

2. ദിനവൃത്താന്തം 30:27

ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും അവരുടെ പ്രാർത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തുകയും ചെയ്തു.

2. ദിനവൃത്താന്തം 32:20

ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാർത്ഥിച്ചു സ്വർഗ്ഗത്തിലേക്കു നിലവിളിച്ചു.

എസ്രാ 8:21-23

അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാൻ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ടു വഴിയിൽ ശത്രുവിന്റെ നേരെ ഞങ്ങൾക്കു തുണയായിരിക്കേണ്ടതിന്നു പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാൻ ഞാൻ ലജ്ജിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാർത്ഥിച്ചു; അവൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു.

എസ്രാ 9:5-6

സന്ധ്യായാഗത്തിന്റെ സമയത്തു ഞാൻ എന്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയിങ്കലേക്കു കൈ മലർത്തി പറഞ്ഞതെന്തെന്നാൽ: എന്റെ ദൈവമേ, ഞാൻ എന്റെ മുഖം എന്റെ ദൈവമായ നിങ്കലേക്കു ഉയർത്തുവാൻ ലജ്ജിച്ചു നാണിച്ചിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളുടെ തലെക്കുമീതെ പെരുകി കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുറ്റം ആകാശത്തോളം വളർന്നിരിക്കുന്നു.

എസ്രാ 10:6

എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്നു എഴുന്നേറ്റു എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയിൽ ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാർത്തു.

നെഹെമ്യാവു 1:4-6

ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വർഗ്ഗത്തിലെ ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ, നിന്റെ ദാസന്മാരായ യിസ്രായേൽമക്കൾക്കു വേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യിസ്രായേൽമക്കളായ ഞങ്ങൾ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.

നെഹെമ്യാവു 8:6

എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി; ആമേൻ, ആമേൻ എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു.

നെഹെമ്യാവു 9:1-2

എന്നാൽ ഈ മാസം ഇരുപത്തിനാലാം തിയ്യതി യിസ്രായേൽമക്കൾ ഉപവസിച്ചും രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു. യിസ്രായേൽസന്തതിയായവർ സകലഅന്യജാതിക്കാരിൽനിന്നും വേറുതിരിഞ്ഞുനിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റു പറഞ്ഞു.

എസ്ഥേർ 4:3

രാജാവിന്റെ കല്പനയും തീർപ്പും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്തു വെണീറ്റിൽ കിടന്നു.

എസ്ഥേർ 4:16

നീ ചെന്നു ശൂശനിൽ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.

ഇയ്യോബ് 1:20

അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:

ഇയ്യോബ് 5:8-9

ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു; അവൻ, ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.

ഇയ്യോബ് 8:5

നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സർവ്വശക്തനോടപേക്ഷിക്കയും ചെയ്താൽ,

ഇയ്യോബ് 11:13

നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലർത്തുമ്പോൾ

ഇയ്യോബ് 13:22

പിന്നെ നീ വിളിച്ചാലും; ഞാൻ ഉത്തരം പറയും; അല്ലെങ്കിൽ ഞാൻ സംസാരിക്കാം; നീ ഉത്തരം അരുളേണമേ.

ഇയ്യോബ് 22:27

നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകളെ കഴിക്കും.

ഇയ്യോബ് 35:12-13

അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവർ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല. വ്യർത്ഥമായുള്ളതു ദൈവം കേൾക്കയില്ല; സർവ്വശക്തൻ അതു വിചാരിക്കയുമില്ല നിശ്ചയം.

ഇയ്യോബ് 42:10

ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു.

സങ്കീർത്തനങ്ങൾ 3:4

ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻതന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.

സങ്കീർത്തനങ്ങൾ 4:1

സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ.

സങ്കീർത്തനങ്ങൾ 5:1-3

സംഗീതപ്രമാണിക്കു വേണുനാദത്തോടെ ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ; എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നതു. യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 9:10

നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.

സങ്കീർത്തനങ്ങൾ 10:4

ദുഷ്ടൻ ഉന്നതഭാവത്തോടെ: അവൻ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.

സങ്കീർത്തനങ്ങൾ 17:1

ദാവീദിന്റെ ഒരു പ്രാർത്ഥന. യഹോവേ, ന്യായത്തെ കേൾക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ.

സങ്കീർത്തനങ്ങൾ 17:6

ദൈവമേ, ഞാൻ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേൾക്കേണമേ.

സങ്കീർത്തനങ്ങൾ 18:6

എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി.

സങ്കീർത്തനങ്ങൾ 25:5

നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.

സങ്കീർത്തനങ്ങൾ 27:4

ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.

സങ്കീർത്തനങ്ങൾ 27:7-8

യഹോവേ, ഞാൻ ഉറക്കെ വിളിക്കുമ്പോൾ കേൾക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ. “എന്റെ മുഖം അന്വേഷിപ്പിൻ” എന്നു നിങ്കൽനിന്നു കല്പനവന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.

സങ്കീർത്തനങ്ങൾ 27:14

യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.

സങ്കീർത്തനങ്ങൾ 28:1-2

ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, നീ കേൾക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ തന്നേ. ഞാൻ എന്റെ കൈകളെ വിശുദ്ധാന്തർമ്മന്ദിരത്തിങ്കലേക്കുയർത്തി നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.

സങ്കീർത്തനങ്ങൾ 31:1-2

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ. നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ.

സങ്കീർത്തനങ്ങൾ 34:4-8

ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു. യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.

സങ്കീർത്തനങ്ങൾ 34:15-18

യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവർക്കു പ്രതികൂലമായിരിക്കുന്നു. നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 35:18

ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 37:7

യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.

സങ്കീർത്തനങ്ങൾ 39:12

യഹോവേ, എന്റെ പ്രാർത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ; ഞാൻ എന്റെ സകലപിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 40:1

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.

സങ്കീർത്തനങ്ങൾ 40:5

എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.

സങ്കീർത്തനങ്ങൾ 40:16-17

നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ യഹോവ മഹത്വമുള്ളവൻ എന്നു എപ്പോഴും പറയട്ടെ. ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.

സങ്കീർത്തനങ്ങൾ 42:8

യഹോവ പകൽനേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ.

സങ്കീർത്തനങ്ങൾ 46:10-11

മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും. സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. സേലാ.

സങ്കീർത്തനങ്ങൾ 50:14-15

ദൈവത്തിന്നു സ്തോത്രയാഗം അർപ്പിക്ക; അത്യുന്നതന്നു നിന്റെ നേർച്ചകളെ കഴിക്ക. കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

സങ്കീർത്തനങ്ങൾ 51:6

അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.

സങ്കീർത്തനങ്ങൾ 55:1

സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ.

സങ്കീർത്തനങ്ങൾ 55:16-17

ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും. ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും.

സങ്കീർത്തനങ്ങൾ 55:22

നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.

സങ്കീർത്തനങ്ങൾ 59:9-10

എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു. എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.

സങ്കീർത്തനങ്ങൾ 61:1-2

സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ; എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ. എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.

സങ്കീർത്തനങ്ങൾ 62:1-2

സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു. അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല.

സങ്കീർത്തനങ്ങൾ 62:5-8

എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു. അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല. എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു. ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.

സങ്കീർത്തനങ്ങൾ 63:1

ദാവീദിന്റെ ഒരു സങ്കീർത്തനം; അവൻ യെഹൂദാമരുഭൂമിയിൽ ഇരിക്കുംകാലത്തു ചമെച്ചതു. ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 66:17-20

ഞാൻ എന്റെ വായ് കൊണ്ട് അവനോടു നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു. ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു. എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു; എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കൽനിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 69:3

എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.

സങ്കീർത്തനങ്ങൾ 69:32

സൗമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.

സങ്കീർത്തനങ്ങൾ 75:1

സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം. ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.

സങ്കീർത്തനങ്ങൾ 77:1-2

സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവൻ എനിക്കു ചെവിതരും. കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.

സങ്കീർത്തനങ്ങൾ 85:8

യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും; അവർ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.

സങ്കീർത്തനങ്ങൾ 86:6-7

യഹോവേ, എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ; എന്റെ യാചനകളെ ശ്രദ്ധിക്കേണമേ. നീ എനിക്കുത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 88:1-2

ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതപ്രമാണിക്കു; മഹലത്ത് രാഗത്തിൽ പ്രതിഗാനത്തിനായി; എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം. എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു; എന്റെ പ്രാർത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.

സങ്കീർത്തനങ്ങൾ 88:13

എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു.

സങ്കീർത്തനങ്ങൾ 90:12

ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.

സങ്കീർത്തനങ്ങൾ 91:1

അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ

സങ്കീർത്തനങ്ങൾ 91:15

അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.

സങ്കീർത്തനങ്ങൾ 92:1-2

ശബത്ത് നാൾക്കുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം. യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും

സങ്കീർത്തനങ്ങൾ 95:6-8

വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ. ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.

സങ്കീർത്തനങ്ങൾ 102:1-2

അരിഷ്ടന്റെ പ്രാർത്ഥന; അവൻ ക്ഷീണിചു യഹോവയുടെ മുൻപാകെ തന്റെ സങ്കടത്തെ പകരുമ്പൊൾ കഴിച്ചതു. യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.

സങ്കീർത്തനങ്ങൾ 102:17

ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.

സങ്കീർത്തനങ്ങൾ 105:3-4

അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ.

സങ്കീർത്തനങ്ങൾ 109:24

എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 116:1-4

യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.

സങ്കീർത്തനങ്ങൾ 116:17

ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

സങ്കീർത്തനങ്ങൾ 118:5

ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.

സങ്കീർത്തനങ്ങൾ 118:21

നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും.

സങ്കീർത്തനങ്ങൾ 119:2

അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.

സങ്കീർത്തനങ്ങൾ 119:10

ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ.

സങ്കീർത്തനങ്ങൾ 119:145-149

ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാൻ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും. ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും. ഞാൻ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാർത്ഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവെക്കുന്നു. തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. നിന്റെ ദയക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

സങ്കീർത്തനങ്ങൾ 130:1-2

ആരോഹണഗീതം. യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു; കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.

സങ്കീർത്തനങ്ങൾ 130:5-6

ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു. ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 136:1

യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

സങ്കീർത്തനങ്ങൾ 136:2

ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

സങ്കീർത്തനങ്ങൾ 136:3

കർത്താധികർത്താവിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

സങ്കീർത്തനങ്ങൾ 141:1-2

ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാൻ നിന്നോടു അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കേണമേ. എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.

സങ്കീർത്തനങ്ങൾ 142:1-2

ദാവീദിന്റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന. ഞാൻ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോടു യാചിക്കുന്നു. അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 143:1

ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ പ്രാർത്ഥന കേട്ടു, എന്റെ യാചനകൾക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.

സങ്കീർത്തനങ്ങൾ 145:15-19

എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കു ഭക്ഷണം കൊടുക്കുന്നു. നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു. യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു. യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.

സദൃശവാക്യങ്ങൾ 1:28-30

അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. അവർ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല. അവർ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസന ഒക്കെയും നിരസിച്ചു കളഞ്ഞതുകൊണ്ടു

സദൃശവാക്യങ്ങൾ 8:17

എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.

സദൃശവാക്യങ്ങൾ 28:9

ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർത്ഥനതന്നേയും വെറുപ്പാകുന്നു.

സഭാപ്രസംഗി 5:2

അതിവേഗത്തിൽ ഒന്നും പറയരുതു; ദൈവസന്നിധിയിൽ ഒരു വാക്കു ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്റെ വാക്കു ചുരുക്കമായിരിക്കട്ടെ.

യെശയ്യാവു 1:14-16

നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങൾ എത്ര തന്നേ പ്രാർത്ഥന കഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ.

യെശയ്യാവു 8:17

ഞാനോ യാക്കോബ് ഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.

യെശയ്യാവു 26:9

എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും.

യെശയ്യാവു 30:19

യെരൂശലേമ്യരായ സീയോൻനിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും.

യെശയ്യാവു 40:31

എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

യെശയ്യാവു 55:6

യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.

യെശയ്യാവു 56:7

ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.

യെശയ്യാവു 58:5-6

എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ പറയുന്നതു? അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?

യെശയ്യാവു 59:2

നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു.

യെശയ്യാവു 65:1

എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്കു എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടു: ഇതാ ഞാൻ, ഇതാ ഞാൻ എന്നു ഞാൻ പറഞ്ഞു.

യെശയ്യാവു 65:24

അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.

യിരെമ്യാവു 11:11-12

അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒഴിഞ്ഞുപോകുവാൻ കഴിയാത്ത ഒരനർത്ഥം ഞാൻ അവർക്കു വരുത്തും; അവർ എന്നോടു നിലവിളിച്ചാലും ഞാൻ കേൾക്കയില്ല. അപ്പോൾ യെഹൂദാപട്ടണങ്ങളും യെരൂശലേംനിവാസികളും ചെന്നു, തങ്ങൾ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവർ അവരെ അനർത്ഥകാലത്തു രക്ഷിക്കയില്ല.

യിരെമ്യാവു 29:11-14

നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു. നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകലജാതികളിൽനിന്നും എല്ലായിടങ്ങളിലുംനിന്നും നിങ്ങളെ ശേഖരിച്ചു ഞാൻ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവു 33:3

എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.

യിരെമ്യാവു 36:6-7

ആകയാൽ നീ ചെന്നു എന്റെ വാമൊഴികേട്ടു എഴുതിയ ചുരുളിൽനിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നേ ജനം കേൾക്കെ വായിക്ക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലായെഹൂദയും കേൾക്കെ നീ അതു വായിക്കേണം. പക്ഷെ അവർ യഹോവയുടെ മുമ്പിൽ വീണു അപേക്ഷിച്ചുകൊണ്ടു ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിന്നു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.

യിരെമ്യാവു 50:4-5

ആ നാളുകളിൽ, ആ കാലത്തു, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞുംകൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാടു. അവർ സീയോനിലേക്കു മുഖം തിരിച്ചു അതിനെക്കുറിച്ചു ചോദിച്ചുകൊണ്ടു: വരുവിൻ; മറന്നുപോകാത്തതായ ഒരു ശാശ്വത നിയമത്താൽ നമുക്കു യഹോവയോടു ചേർന്നുകൊള്ളാം എന്നു പറയും.

വിലാപങ്ങൾ 3:25-26

തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ. യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.

വിലാപങ്ങൾ 3:41

നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയർത്തുക.

യെഹെസ്കേൽ 8:15-18

അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും എന്നു അരുളിച്ചെയ്തു. അവൻ എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു. അപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിപ്പാൻ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവർ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു? ആകയാൽ ഞാനും ക്രോധത്തോടെ പ്രവർത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാൻ കരുണ കാണിക്കയുമില്ല; അവർ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കയില്ല എന്നു അരുളിച്ചെയ്തു.

ദാനീയേൽ 2:21-23

അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു. അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു. എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോടു അപേക്ഷിച്ചതു ഇപ്പോൾ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു.

ദാനീയേൽ 6:7-9

രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡിതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകലഅദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു. ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ചു രേഖ എഴുതിക്കേണമേ. അങ്ങനെ ദാര്യാവേശ്‌രാജാവു രേഖയും വിരോധകല്പനയും എഴുതിച്ചു.

ദാനീയേൽ 6:10-13

എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, - അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു - താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു. അപ്പോൾ ആ പുരുഷന്മാർ ബദ്ധപ്പെട്ടു വന്നു, ദാനീയേൽ തന്റെ ദൈവത്തിൻ സന്നിധിയിൽ പ്രാർത്ഥിച്ചു അപേക്ഷിക്കുന്നതു കണ്ടു. ഉടനെ അവർ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ വിരോധകല്പനയെക്കുറിച്ചു സംസാരിച്ചു: രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ എന്നു ചോദിച്ചു; അതിന്നു രാജാവു: മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നേ എന്നുത്തരം കല്പിച്ചു. അതിന്നു അവർ രാജസന്നിധിയിൽ: രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുത്തനായ ദാനീയേൽ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രാവശ്യം അപേക്ഷ കഴിച്ചുവരുന്നു എന്നു ഉണർത്തിച്ചു.

ദാനീയേൽ 9:3-5

അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുംകൊണ്ടു പ്രാർത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു. എന്റെ ദൈവമായ യഹോവയോടു ഞാൻ പ്രാർത്ഥിച്ചു ഏറ്റുപറഞ്ഞതെന്തെന്നാൽ: തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കും നിയമവും ദയയും പരിപാലിക്കുന്നവനായി മഹാനും ഭയങ്കരനുമായ ദൈവമായ കർത്താവേ, ഞങ്ങൾ പാപം ചെയ്തു, വികടമായി നടന്നു, ദുഷ്ടത പ്രവർത്തിച്ചു; ഞങ്ങൾ മത്സരിച്ചു നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.

ദാനീയേൽ 9:17-19

ആകയാൽ ഞങ്ങളുടെ ദൈവമേ, അടിയന്റെ പ്രാർത്ഥനയും യാചനകളും കേട്ടു, ശൂന്യമായിരിക്കുന്ന നിന്റെ വിശുദ്ധമന്ദിരത്തിന്മേൽ കർത്താവിൻനിമിത്തം തിരുമുഖം പ്രകാശിക്കുമാറാക്കേണമേ. എന്റെ ദൈവമേ, ചെവി ചായിച്ചു കേൾക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങൾ ഞങ്ങളുടെ നീതിപ്രവൃത്തികളിൽ അല്ല, നിന്റെ മഹാകരുണയിൽ അത്രേ ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ യാചനകളെ തിരുസന്നിധിയിൽ ബോധിപ്പിക്കുന്നു. കർത്താവേ, കേൾക്കേണമേ; കർത്താവേ, ക്ഷമിക്കേണമേ; കർത്താവേ, ചെവിക്കൊണ്ടു പ്രവർത്തിക്കേണമേ; എന്റെ ദൈവമേ, നിന്നെത്തന്നെ ഓർത്തു താമസിക്കരുതേ; നിന്റെ നാമം വിളിച്ചിരിക്കുന്നുവല്ലോ.

ദാനീയേൽ 9:20-23

ഇങ്ങനെ ഞാൻ പ്രാർത്ഥിക്കയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവ്വതത്തിന്നു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു. അവൻ വന്നു എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു. നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക.

ദാനീയേൽ 10:2-3

ആ കാലത്തു ദാനീയേൽ എന്ന ഞാൻ മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു. മൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാൻ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.

ദാനീയേൽ 10:10-15

എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നില്ക്കുമാറാക്കി. അവൻ എന്നോടു: ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിർന്നുനില്ക്ക; ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ അയക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവൻ ഈ വാക്കു എന്നോടു സംസാരിച്ചപ്പോൾ ഞാൻ വിറെച്ചുകൊണ്ടു നിവിർന്നുനിന്നു. അവൻ എന്നോടു പറഞ്ഞതു: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാൻ വന്നിരിക്കുന്നു. പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിർത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായിപ്പാൻ വന്നു: അവനെ ഞാൻ പാർസിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു, നിന്റെ ജനത്തിന്നു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോൾ വന്നിരിക്കുന്നു; ദർശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു. അവൻ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോൾ ഞാൻ മുഖം കുനിച്ചു ഊമനായ്തീർന്നു.

ഹോശേയ 5:15

അവർ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.

യോവേൽ 1:14

ഒരു ഉപവാസദിവസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ; മൂപ്പന്മാരെയും ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോടു നിലവിളിപ്പിൻ;

യോവേൽ 2:12-13

എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു. വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.

യോനാ 2:1-2

യോനാ മത്സ്യത്തിന്റെ വയറ്റിൽവെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.

യോനാ 2:7

എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്തു എന്റെ പ്രാർത്ഥന നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.

യോനാ 3:5-10

എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു. വർത്തമാനം നീനെവേരാജാവിന്റെ അടുക്കൽ എത്തിയാറെ അവൻ സിംഹാസനത്തിൽനിന്നു എഴുന്നേറ്റു രാജവസ്ത്രം നീക്കിവെച്ചു രട്ടു പുതെച്ചു വെണ്ണീറിൽ ഇരുന്നു. അവൻ നീനെവേയിൽ എങ്ങും ഘോഷിപ്പിച്ചു പരസ്യമാക്കിയതു എന്തെന്നാൽ: രാജാവിന്റെയും അവന്റെ മഹത്തുക്കളുടെയും ആജ്ഞയാവിതു: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുതു; മേയ്കയും വെള്ളം കുടിക്കയും അരുതു. മനുഷ്യനും മൃഗവും രട്ടു പുതെച്ചു ഉച്ചത്തിൽ ദൈവത്തോടു വിളിച്ചു അപേക്ഷിക്കേണം; ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗവും താന്താന്റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരികയും വേണം. ദൈവം വീണ്ടും അനുതപിച്ചു നാം നശിച്ചുപോകാതെയിരിക്കേണ്ടതിന്നു അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആർക്കറിയാം. അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.

മീഖാ 3:4

അന്നു അവർ യഹോവയോടു നിലവിളിക്കും; എന്നാൽ അവൻ അവർക്കു ഉത്തരം അരുളുകയില്ല; അവർ ദുഷ്പ്രവൃത്തികളെ ചെയ്തതിന്നൊത്തവണ്ണം അവൻ ആ കാലത്തു തന്റെ മുഖം അവർക്കു മറെക്കും.

മീഖാ 7:7

ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.

സെഫന്യാവു 2:3

യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകലസൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.

സെഖര്യാവു 7:5

നീ ദേശത്തിലെ സകലജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതു: നിങ്ങൾ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?

സെഖര്യാവു 8:21-22

ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്കു ചെന്നു: വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം; ഞാനും പോരുന്നു എന്നു പറയും. അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും.

സെഖര്യാവു 13:9

മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്കു ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.

മത്തായി 4:2

അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.

മത്തായി 5:44

ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;

മത്തായി 6:5-8

നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു. അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.

മത്തായി 6:9-13

നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

മത്തായി 6:16-18

ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും.

മത്തായി 6:31-33

ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.

മത്തായി 7:7-11

യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും. മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ? മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!

മത്തായി 9:14-15

യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും.

മത്തായി 11:25

ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.

മത്തായി 14:23

അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.

മത്തായി 18:19-20

ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും; രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.

മത്തായി 21:21-22

അതിന്നു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.

മത്തായി 26:27

പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ.

മത്തായി 26:36-42

അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു, പത്രൊസിനെയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു. പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു. പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: എന്നോടു കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർത്ഥിച്ചു.

മത്തായി 27:51

അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി;

മർക്കൊസ് 1:35

അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.

മർക്കൊസ് 2:18-20

യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവർ വന്നു അവനോടു: യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാർക്കു ഉപവസിപ്പാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവർക്കു ഉപവസിപ്പാൻ കഴികയില്ല. എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു അവർ ഉപവസിക്കും.

മർക്കൊസ് 6:46

അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി.

മർക്കൊസ് 9:23-24

യേശു അവനോടു: നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു. ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.

മർക്കൊസ് 9:29

പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവൻ പറഞ്ഞു.

മർക്കൊസ് 11:23-24

ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടു: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

മർക്കൊസ് 11:25-26

നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

മർക്കൊസ് 14:32-38

അവർ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോടു: ഞാൻ പ്രാർത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു: അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടായ്‌വാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.

മർക്കൊസ് 15:38

ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി.

ലൂക്കൊസ് 1:37

ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

ലൂക്കൊസ് 2:37-38

ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു. ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.

ലൂക്കൊസ് 3:21

ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു,

ലൂക്കൊസ് 4:2

ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു.

ലൂക്കൊസ് 5:16

അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ലൂക്കൊസ് 5:33-35

അവർ അവനോടു: യോഹന്നാന്റെ ശിഷ്യന്മാർ കൂടക്കൂടെ ഉപവസിച്ചു പ്രാർത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു. യേശു അവരോടു:മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ? മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവർ ഉപവസിക്കും എന്നു പറഞ്ഞു.

ലൂക്കൊസ് 6:12

ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.

ലൂക്കൊസ് 6:27-28

എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‌വിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.

ലൂക്കൊസ് 9:28-29

ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടു നാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി. അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തീർന്നു.

ലൂക്കൊസ് 11:1-4

അവൻ ഒരു സ്ഥലത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു; തീർന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: [സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; [നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;] ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ: [ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.]

ലൂക്കൊസ് 11:5-8

പിന്നെ അവൻ അവരോടു പറഞ്ഞതു: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ടു എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്കു അവന്റെ അടുക്കൽ ചെന്നു: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം; എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാൽ: എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും അവൻ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 11:9-13

യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.

ലൂക്കൊസ് 12:36-37

യജമാനൻ കല്യാണത്തിന്നു പോയി വന്നു മുട്ടിയാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന്നു അവൻ എപ്പോൾ മടങ്ങിവരും വന്നു കാത്തുനില്ക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായിരിപ്പിൻ. യജമാനൻ വരുന്നേരം ഉണർന്നിരിക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവർക്കു ശുശ്രൂഷ ചെയ്കയും ചെയ്യു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 18:1-8

മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം എന്നുള്ളതിന്നു അവൻ അവരോടു ഒരുപമ പറഞ്ഞതു: ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു. അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു. അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ. ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവു പറഞ്ഞു.

ലൂക്കൊസ് 18:10-14

രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ. പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു. ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 21:36

ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.

ലൂക്കൊസ് 22:32

ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.

ലൂക്കൊസ് 22:40-46

ആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോടു:നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു. താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി; പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാർത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി. പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു: നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു.

ലൂക്കൊസ് 23:34

എന്നാൽ യേശു:പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.

ലൂക്കൊസ് 23:45

ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി.

യോഹന്നാൻ 6:11

പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവർക്കു പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.

യോഹന്നാൻ 8:47

ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.

യോഹന്നാൻ 9:31

പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.

യോഹന്നാൻ 10:3-4

അവന്നു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.

യോഹന്നാൻ 10:16

ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.

യോഹന്നാൻ 10:27

എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.

യോഹന്നാൻ 11:41-43

അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അവൻ: ലാസരേ, പുറത്തു വരിക എന്നു ഉറക്കെ വിളിച്ചു.

യോഹന്നാൻ 14:13-17

നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും. നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും. എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.

യോഹന്നാൻ 14:26

എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.

യോഹന്നാൻ 15:7

നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.

യോഹന്നാൻ 15:16

നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിന്നും നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ.

യോഹന്നാൻ 16:13

സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.

യോഹന്നാൻ 16:23-24

അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും. ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.

യോഹന്നാൻ 17:1-26

ഇതു സംസാരിച്ചിട്ടു യേശു സ്വർഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ. നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നല്കിയിരിക്കുന്നുവല്ലോ. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‌വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു. ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ. നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു. നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു. നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു. ഞാൻ അവർക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവർക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു. എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു. ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ. അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു. ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു. അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു. ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു. നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു. അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു. ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ. നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു: നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ. പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു. നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

അപ്പൊ. പ്രവൃത്തികൾ 1:14

സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു.

അപ്പൊ. പ്രവൃത്തികൾ 2:1-4

പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.

അപ്പൊ. പ്രവൃത്തികൾ 4:24

അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,

അപ്പൊ. പ്രവൃത്തികൾ 4:31

ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:15

അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു.

അപ്പൊ. പ്രവൃത്തികൾ 10:30-31

അതിന്നു കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണിനേരത്തെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷൻ എന്റെ മുമ്പിൽ നിന്നു: കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർത്ഥന കേട്ടു നിന്റെ ധർമ്മം ഓർത്തിരിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 12:5-7

ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു. ഹെരോദാവു അവനെ ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചതിന്റെ തലെരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു. പെട്ടെന്നു കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേല്ക്കു എന്നു പറഞ്ഞു അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽ നിന്നു വീണു പോയി.

അപ്പൊ. പ്രവൃത്തികൾ 13:3

അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.

അപ്പൊ. പ്രവൃത്തികൾ 14:23

അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 16:25-26

അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു.

അപ്പൊ. പ്രവൃത്തികൾ 19:6

പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 20:36

ഇങ്ങനെ പറഞ്ഞിട്ടു അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാർത്ഥിച്ചു.

അപ്പൊ. പ്രവൃത്തികൾ 22:16

ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 27:35

ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.

റോമർ 8:26-27

അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു. എന്നാൽ ആത്മാവു വിശുദ്ധർക്കു വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ടു ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.

റോമർ 10:1

സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.

റോമർ 12:12

ആശയിൽ സന്തോഷിപ്പിൻ;

റോമർ 14:6

ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.

റോമർ 15:30

എന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണ്ടതിന്നും യെരൂശലേമിലേക്കു ഞാൻ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാർക്കു

1. കൊരിന്ത്യർ 14:2

അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.

1. കൊരിന്ത്യർ 14:4

അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു.

1. കൊരിന്ത്യർ 14:13-19

അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ. ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും? നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവർദ്ധന വരുന്നില്ലതാനും. നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു.

1. കൊരിന്ത്യർ 14:22-25

അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ. സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ? എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും. അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.

1. കൊരിന്ത്യർ 14:27-28

അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ. വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.

1. കൊരിന്ത്യർ 14:39

അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു.

എഫെസ്യർ 1:16-17

നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു

എഫെസ്യർ 2:18

അവൻമുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.

എഫെസ്യർ 3:20-21

എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ.

എഫെസ്യർ 5:19-20

സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.

എഫെസ്യർ 6:18

സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.

ഫിലിപ്പിയർ 1:3-4

ഞാൻ നിങ്ങൾക്കു എല്ലാവർക്കും വേണ്ടി കഴിക്കുന്ന സകലപ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ചും നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.

ഫിലിപ്പിയർ 1:9-11

നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകലവിവേകത്തിലും വർദ്ധിച്ചു വന്നിട്ടു നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു.

ഫിലിപ്പിയർ 4:6-7

ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.

ഫിലിപ്പിയർ 4:13-14

എന്നെ ശക്തനാക്കുന്നവൻമുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു. എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചതു നന്നായി.

ഫിലിപ്പിയർ 4:19

എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.

കൊലൊസ്സ്യർ 1:3

സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം,

കൊലൊസ്സ്യർ 1:9

അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു.

കൊലൊസ്സ്യർ 4:2-3

പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ. എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും

കൊലൊസ്സ്യർ 4:12

നിങ്ങളിൽ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നില്ക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു.

1. തെസ്സലൊനീക്യർ 1:2

ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും

1. തെസ്സലൊനീക്യർ 5:16-18

എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.

1. തെസ്സലൊനീക്യർ 5:25

സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ.

2. തെസ്സലൊനീക്യർ 3:1

ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും

1. തിമൊഥെയൊസ് 2:1-2

എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാർക്കും സകലഅധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.

1. തിമൊഥെയൊസ് 2:8

ആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.

1. തിമൊഥെയൊസ് 4:4-5

എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല; ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.

1. തിമൊഥെയൊസ് 5:5

സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉറ്റുപാർക്കുന്നു.

2. തിമൊഥെയൊസ് 1:3

എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീർ ഓർത്തും നിന്നെ കണ്ടു സന്തോഷപൂർണ്ണനാകുവാൻ വാഞ്ഛിച്ചുംകൊണ്ടു

ഫിലേമോൻ 1:4

കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാൻ കേട്ടിട്ടു

എബ്രായർ 1:1-2

ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.

എബ്രായർ 3:15

“ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതിൽ

എബ്രായർ 4:7

ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്നു അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.

എബ്രായർ 4:16

അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.

എബ്രായർ 5:7-8

ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു. പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി

എബ്രായർ 10:19

അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,

എബ്രായർ 11:6

എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.

എബ്രായർ 13:15

അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.

യാക്കോബ് 1:5-6

നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും. എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.

യാക്കോബ് 4:3

നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.

യാക്കോബ് 4:8-10

ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ; സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.

യാക്കോബ് 5:13-18

നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു. ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു.

1. പത്രൊസ് 3:12

കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.”

1. പത്രൊസ് 4:7

എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.

1. പത്രൊസ് 5:7

അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.

1. യോഹന്നാൻ 1:9

നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകലഅനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.

1. യോഹന്നാൻ 3:22

അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.

1. യോഹന്നാൻ 5:14-15

അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.

3. യോഹന്നാൻ 1:2

പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

വെളിപ്പാടു 2:29

ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

വെളിപ്പാടു 3:6

ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

വെളിപ്പാടു 3:13

ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

വെളിപ്പാടു 3:22

ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

Malayalam - മലയാളം - ML

ML1910 - Malayalam Sathyavedapusthakam - 1910

Public Domain OPEN
https://find.bible/bibles/MALTBK/
Languages are made available to you by www.ipedge.net