07 – വിധിദിനം

ഇവ സർവ്വശക്തനായ ദൈവത്തിന്റെ വിശുദ്ധ വാക്കുകളാണ്.
മനുഷ്യരുടെ വാക്കുകളിൽ നമുക്ക് താൽപ്പര്യമില്ല.
ദൈവത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും... ദൈവം പറയുന്നത് ഇതാണ്: വിധിദിനം.

ഏറ്റവും പ്രധാനപ്പെട്ട 3 വാക്യങ്ങൾ

വെളിപ്പാടു 20:11-12

ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.

എബ്രായർ 9:27

ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ

യോഹന്നാൻ 12:48

എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.

കാനോനിക ക്രമത്തിലെ ഓരോ വാക്യവും - 177 ഭാഗങ്ങൾ

ഉല്പത്തി 17:1

അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

ഉല്പത്തി 18:25

ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ; നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?

ആവർത്തനപുസ്തകം 18:13

നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.

2. ശമൂവേൽ 22:24

ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെ തന്നേ കാത്തു.

1. ദിനവൃത്താന്തം 16:33

അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നുവല്ലോ.

1. ദിനവൃത്താന്തം 28:9

നീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും.

ഇയ്യോബ് 19:25-29

എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും. ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു. നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും കാര്യത്തിന്റെ മൂലം എന്നിൽ കാണുന്നു എന്നും നിങ്ങൾ പറയുന്നുവെങ്കിൽ വാളിനെ പേടിപ്പിൻ; ക്രോധം വാളിന്റെ ശിക്ഷെക്കു ഹേതു; ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞുകൊൾവിൻ.

ഇയ്യോബ് 21:30

അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവർക്കു വിടുതൽ കിട്ടുന്നു.

ഇയ്യോബ് 31:6

ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന്നു ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ -

സങ്കീർത്തനങ്ങൾ 1:4-6

ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാറ്റു പാറ്റുന്ന പതിർപോലെയത്രേ. ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്ക്കുകയില്ല. യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

സങ്കീർത്തനങ്ങൾ 9:7-8

എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.

സങ്കീർത്തനങ്ങൾ 9:17

ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.

സങ്കീർത്തനങ്ങൾ 18:23

ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.

സങ്കീർത്തനങ്ങൾ 37:12-13

ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു. കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.

സങ്കീർത്തനങ്ങൾ 49:15

എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. സേലാ.

സങ്കീർത്തനങ്ങൾ 56:7-8

നീതികേടിനാൽ അവർ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ. നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?

സങ്കീർത്തനങ്ങൾ 69:28

ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.

സങ്കീർത്തനങ്ങൾ 91:8

നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.

സങ്കീർത്തനങ്ങൾ 96:13

യഹോവയുടെ സന്നിധിയിൽ തന്നേ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.

സങ്കീർത്തനങ്ങൾ 98:9

അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.

സങ്കീർത്തനങ്ങൾ 139:16

ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;

സങ്കീർത്തനങ്ങൾ 145:20

യഹോവ തന്നേ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും;

സദൃശവാക്യങ്ങൾ 11:4

ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.

സഭാപ്രസംഗി 3:17

ഞാൻ എന്റെ മനസ്സിൽ: ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകലകാര്യത്തിന്നും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.

സഭാപ്രസംഗി 7:1

നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.

സഭാപ്രസംഗി 12:13-14

എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.

യെശയ്യാവു 8:22

അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്കു അവരെ തള്ളിക്കളയും.

യെശയ്യാവു 13:11

ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദർശിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.

യെശയ്യാവു 25:8

അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

യെശയ്യാവു 26:19

നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.

യെശയ്യാവു 47:3-4

നിന്റെ നഗ്നത അനാവൃതമാകും; നിന്റെ നാണിടം കാണും; ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും. ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ, യിസ്രായേലിന്റെ പരിശുദ്ധൻ എന്നാകുന്നു അവന്റെ നാമം.

യെശയ്യാവു 61:2

യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും

യെശയ്യാവു 65:17

ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.

യെശയ്യാവു 66:22-24

ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും എന്നു യഹോവയുടെ അരുളപ്പാടു. പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്കരിപ്പാൻ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു. അവർ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ സകലജഡത്തിന്നും അറെപ്പായിരിക്കും.

യെഹെസ്കേൽ 18:4

സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.

ദാനീയേൽ 7:9-10

ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.

ദാനീയേൽ 7:18

എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.

ദാനീയേൽ 7:21-22

വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.

ദാനീയേൽ 7:25-27

അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും. എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും. പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.

ദാനീയേൽ 12:1-4

ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും. നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും. എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും. നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.

ദാനീയേൽ 12:13

നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.

ഓബദ്യാവു 1:15

സകലജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങിവരും.

മത്തായി 3:7

തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സർപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?

മത്തായി 3:10

ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.

മത്തായി 3:12

വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.

മത്തായി 5:29-30

എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.

മത്തായി 7:2

നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.

മത്തായി 7:13-14

ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.

മത്തായി 7:16-20

അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ? നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല. നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.

മത്തായി 7:21-23

എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.

മത്തായി 10:14-15

ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ. ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

മത്തായി 10:28

ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.

മത്തായി 11:22-24

എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അതു ഇന്നുവരെ നില്ക്കുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

മത്തായി 12:36-37

എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.

മത്തായി 13:38-43

വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ; കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളകയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.

മത്തായി 13:47-50

പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം. നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു. അങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

മത്തായി 15:19

എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.

മത്തായി 16:26-27

ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.

മത്തായി 18:3

നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‌വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

മത്തായി 22:2-3

സ്വർഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം. അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല.

മത്തായി 22:11-13

വിരുന്നുകാരെ നോക്കുവാൻ രാജാവു അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന്നു വാക്കു മുട്ടിപ്പോയി. രാജാവു ശുശ്രൂഷക്കാരോടു: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.

മത്തായി 23:33

പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?

മത്തായി 24:13

എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും.

മത്തായി 25:1-12

സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും. അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു. ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല. ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു. പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി. അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി. അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു. എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു. ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു. അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു. അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു. അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

മത്തായി 25:21

അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.

മത്തായി 25:31-46

മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും. അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു: ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും. ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.

മർക്കൊസ് 3:29

പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

മർക്കൊസ് 6:11

ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ എന്നും അവരോടു പറഞ്ഞു.

മർക്കൊസ് 7:21-22

അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.

മർക്കൊസ് 9:42-48

എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു. നിന്റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു. നിന്റെ കാൽ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു. നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു. അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.

മർക്കൊസ് 16:16

വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

ലൂക്കൊസ് 3:17

അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.

ലൂക്കൊസ് 12:2-5

മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല. ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വെച്ചു ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽ ഘോഷിക്കും. എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നതു: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‌വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 13:3

അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 13:23-28

അപ്പോൾ ഒരുത്തൻ അവനോടു: കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്നു ചോദിച്ചതിന്നു അവനോടു പറഞ്ഞതു: ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വീട്ടുടയവൻ എഴുന്നേറ്റു കതകു അടെച്ചശേഷം നിങ്ങൾ പുറത്തുനിന്നു: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ടു കതകിന്നു മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും. അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലൊ എന്നു പറഞ്ഞുതുടങ്ങും. അവനോ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു; അനീതി പ്രവൃത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടുപോകുവിൻ എന്നു പറയും. അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവ രാജ്യത്തിൽ ഇരിക്കുന്നതും നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങൾ കാണുമ്പോൾ കരച്ചലും പല്ലുകടിയും ഉണ്ടാകും.

ലൂക്കൊസ് 14:13-14

നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക; എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‌വാൻ അവർക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും.

ലൂക്കൊസ് 23:39-43

തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു. മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു:ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.

യോഹന്നാൻ 3:5

അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

യോഹന്നാൻ 3:16-21

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല. സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.

യോഹന്നാൻ 3:36

പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള.

യോഹന്നാൻ 5:24-29

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു. അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.

യോഹന്നാൻ 6:40

പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.

യോഹന്നാൻ 6:44

എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.

യോഹന്നാൻ 6:47

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു.

യോഹന്നാൻ 6:54

എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.

യോഹന്നാൻ 8:21

അവൻ പിന്നെയും അവരോടു: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു പറഞ്ഞു.

യോഹന്നാൻ 11:24-25

മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.

യോഹന്നാൻ 12:31

ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.

യോഹന്നാൻ 12:48

എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.

യോഹന്നാൻ 15:6

എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അതു വെന്തുപോകും.

അപ്പൊ. പ്രവൃത്തികൾ 10:42

ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 17:30-32

എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 24:15-16

നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു. അതുകൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു.

റോമർ 1:28-32

ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു. അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ, കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.

റോമർ 2:1-11

അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവർത്തിക്കുന്നുവല്ലോ. എന്നാൽ ആവക പ്രവർത്തിക്കുന്നവരുടെ നേരെ ദൈവത്തിന്റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു. ആവക പ്രവർത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ? അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ? എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു. അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും. തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും. നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും. ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.

റോമർ 2:12-16

ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു. ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.

റോമർ 3:19

ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.

റോമർ 4:24-25

നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.

റോമർ 6:4-5

അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.

റോമർ 6:22-23

എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.

റോമർ 8:1-2

അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.

റോമർ 12:19

പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു. എന്നാൽ

റോമർ 14:10-12

എന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും. “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.

1. കൊരിന്ത്യർ 1:8

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.

1. കൊരിന്ത്യർ 3:11-15

യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല. ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും; ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും. ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും. ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.

1. കൊരിന്ത്യർ 4:5

ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.

1. കൊരിന്ത്യർ 6:9-11

അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.

1. കൊരിന്ത്യർ 11:31

നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.

1. കൊരിന്ത്യർ 15:20-28

എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു. മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.

1. കൊരിന്ത്യർ 15:42-49

മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.

1. കൊരിന്ത്യർ 15:50-54

സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.

2. കൊരിന്ത്യർ 5:10-11

അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാൽ ദൈവത്തിന്നു ഞങ്ങൾ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്നു ഞാൻ ആശിക്കുന്നു.

2. കൊരിന്ത്യർ 12:20-21

ഞാൻ വരുമ്പോൾ ഞാൻ ഇച്ഛിക്കാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾ ഇച്ഛിക്കാത്ത വിധത്തിൽ എന്നെ കാണുകയും ചെയ്യുമോ എന്നും പിണക്കം, ഈർഷ്യ, ക്രോധം, ശാഠ്യം, ഏഷണി, കുശുകുശുപ്പു, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും ഞാൻ വീണ്ടും വരുമ്പോൾ എന്റെ ദൈവം എന്നെ നിങ്ങളുടെ ഇടയിൽ താഴ്ത്തുവാനും പാപംചെയ്തിട്ടു തങ്ങൾ പ്രവർത്തിച്ച അശുദ്ധി, ദുർന്നടപ്പു, ദുഷ്കാമം എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാൻ ഭയപ്പെടുന്നു.

ഗലാത്യർ 5:19-21

ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

ഗലാത്യർ 6:7-8

വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും.

എഫെസ്യർ 1:7

അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.

എഫെസ്യർ 5:3-6

ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു. ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു.

ഫിലിപ്പിയർ 3:10-11

അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നുവെച്ചും ഞാൻ അവന്റെനിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.

ഫിലിപ്പിയർ 3:20-21

നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

കൊലൊസ്സ്യർ 1:13-14

നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.

കൊലൊസ്സ്യർ 1:22-23

അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു. ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൗലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും.

കൊലൊസ്സ്യർ 3:5-9

ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. ഈ വകനിമിത്തം ദൈവകോപം അനുസരണം കെട്ടവരുടെമേൽ വരുന്നു. അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു. ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ. അന്യോന്യം ഭോഷ്കു പറയരുതു; നിങ്ങൾ പഴയമനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,

കൊലൊസ്സ്യർ 3:25

അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.

1. തെസ്സലൊനീക്യർ 3:13

ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.

1. തെസ്സലൊനീക്യർ 5:23

സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.

2. തെസ്സലൊനീക്യർ 1:5-10

അതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ. ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.

1. തിമൊഥെയൊസ് 1:8-11

ന്യായപ്രമാണമോ നീതിമാന്നല്ല, അധർമ്മികൾ, അഭക്തർ, അനുസരണംകെട്ടവർ, പാപികൾ, അശുദ്ധർ, ബാഹ്യന്മാർ, പിതൃഹന്താക്കൾ, മാതൃഹന്താക്കൾ, കൊലപാതകർ, ദുർന്നടപ്പുക്കാർ, പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസ്സത്യം ചെയ്യുന്നവർ എന്നീവകക്കാർക്കും പത്ഥ്യോപദേശത്തിന്നു വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു. ഈ പരിജ്ഞാനം, എങ്കൽ ഭരമേല്പിച്ചിരിക്കുന്നതായി ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന്നു അനുസാരമായതു തന്നേ.

1. തിമൊഥെയൊസ് 5:7

അവർ നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക.

1. തിമൊഥെയൊസ് 6:7

ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.

1. തിമൊഥെയൊസ് 6:14

എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.

2. തിമൊഥെയൊസ് 2:11-12

നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും; നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും.

2. തിമൊഥെയൊസ് 4:1

ഞാൻ ദൈവത്തെയും ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു:

2. തിമൊഥെയൊസ് 4:6-8

ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.

എബ്രായർ 2:1-3

അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു. ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ

എബ്രായർ 9:27

ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ

എബ്രായർ 10:7

അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.

എബ്രായർ 10:24-27

ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു. സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.

എബ്രായർ 10:30-31

“പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ. ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം.

എബ്രായർ 12:22-23

പിന്നെയോ സീയോൻ പർവ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിന്നും സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും

എബ്രായർ 13:4

വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

1. പത്രൊസ് 4:3

കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.

1. പത്രൊസ് 4:5-7

ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന്നു അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. ഇതിന്നായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചതു. അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന്നു തന്നേ. എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.

1. പത്രൊസ് 4:17

ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?

2. പത്രൊസ് 2:4

പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും

2. പത്രൊസ് 2:9-17

കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ, ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ. ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല. ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താൽ നശിച്ചുപോകും. അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു. അവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ. അവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു. അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ. അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ടു ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവർക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു.

2. പത്രൊസ് 3:7-9

ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു. എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു. ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.

2. പത്രൊസ് 3:10-13

കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം. എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.

2. പത്രൊസ് 3:14

അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങൾ ഇവെക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാൻ ഉത്സാഹിച്ചുകൊണ്ടു

1. യോഹന്നാൻ 3:1-2

കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

1. യോഹന്നാൻ 3:14-15

നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു. സഹോദരനെ പകെക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.

1. യോഹന്നാൻ 4:17

ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു.

1. യോഹന്നാൻ 5:11-12

ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. പുത്രനുള്ളവന്നു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല.

യൂദാ 1:6-7

തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു. അതുപോലെ സൊദോമും ഗൊമോറയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.

യൂദാ 1:13

തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.

യൂദാ 1:15

“ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകലപ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളുംനിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.

യൂദാ 1:22-24

സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‌വിൻ; ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു,

വെളിപ്പാടു 1:17-18

അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.

വെളിപ്പാടു 2:7

അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.

വെളിപ്പാടു 2:11

ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താൽ ദോഷം വരികയില്ല.

വെളിപ്പാടു 3:5

അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും.

വെളിപ്പാടു 3:21

ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.

വെളിപ്പാടു 6:10

വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയിൽ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു.

വെളിപ്പാടു 11:15

ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.

വെളിപ്പാടു 11:18-19

ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു. അപ്പോൾ സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തിൽ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.

വെളിപ്പാടു 14:5

ഭോഷ്കു അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ തന്നേ.

വെളിപ്പാടു 14:7

ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.

വെളിപ്പാടു 14:10-11

ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാർക്കും കുഞ്ഞാടിന്നും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും. അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.

വെളിപ്പാടു 16:5-7

അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാൻ ആകുന്നു. വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ. അവ്വണ്ണം യാഗപീഠവും: അതേ, സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.

വെളിപ്പാടു 19:1-3

അനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു. വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം ചെയ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. അവർ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.

വെളിപ്പാടു 19:9

പിന്നെ അവൻ എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.

വെളിപ്പാടു 19:11

അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.

വെളിപ്പാടു 20:4-5

ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല.

വെളിപ്പാടു 20:11-15

ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി. സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.

വെളിപ്പാടു 21:1-4

ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു. സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.

വെളിപ്പാടു 21:5-8

ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൗജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും. എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.

വെളിപ്പാടു 21:27

കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.

വെളിപ്പാടു 22:11-12

അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.

Malayalam - മലയാളം - ML

ML1910 - Malayalam Sathyavedapusthakam - 1910

Public Domain OPEN
https://find.bible/bibles/MALTBK/
Languages are made available to you by www.ipedge.net