29 – പിശാചുക്കൾ
ഇവ സർവ്വശക്തനായ ദൈവത്തിന്റെ വിശുദ്ധ വാക്കുകളാണ്.
മനുഷ്യരുടെ വാക്കുകളിൽ നമുക്ക് താൽപ്പര്യമില്ല.
ദൈവത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും... ദൈവം പറയുന്നത് ഇതാണ്: പിശാചുക്കൾ.
ഇവ സർവ്വശക്തനായ ദൈവത്തിന്റെ വിശുദ്ധ വാക്കുകളാണ്.
മനുഷ്യരുടെ വാക്കുകളിൽ നമുക്ക് താൽപ്പര്യമില്ല.
ദൈവത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും... ദൈവം പറയുന്നത് ഇതാണ്: പിശാചുക്കൾ.
പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും
”എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.
”അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു! “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
”യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൗശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു. ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു.
”യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും. ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
”മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്കു പുത്രിമാർ ജനിച്ചപ്പോൾ ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു. അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.
”അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്കു ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുതു; ഇതു തലമുറതലമുറയായി അവർക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
”വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുതു. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
”വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്‌വാൻ പോകുന്നവന്റെ നേരെയും ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
”വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷൻ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
”അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.
”തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.
”അവർ ദുർഭൂതങ്ങൾക്കു, ദൈവമല്ലാത്തവെക്കു, തങ്ങൾ അറിയാത്ത ദേവന്മാർക്കു ബലികഴിച്ചു; അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച നവീനമൂർത്തികൾ അത്രേ.
”എന്നാൽ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെ സേവിച്ചു,
”ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്തു അതിനെ ഏബെൻ-ഏസെരിൽനിന്നു അസ്തോദിലേക്കു കൊണ്ടുപോയി. ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്തു ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്നു ദാഗോന്റെ അരികെ വെച്ചു. പിറ്റെന്നാൾ രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവർ ദാഗോനെ എടുത്തു വീണ്ടും അവന്റെ സ്ഥാനത്തു നിർത്തി. പിറ്റെന്നാൾ രാവിലെ അവർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും ഉമ്മരപ്പടിമേൽ മുറിഞ്ഞുകിടന്നു; ദാഗോന്റെ ഉടൽമാത്രം ശേഷിച്ചിരുന്നു. അതുകൊണ്ടു ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്റെ ഉമ്മരപ്പടിമേൽ ഇന്നും ചവിട്ടുമാറില്ല. എന്നാൽ യഹോവയുടെ കൈ അസ്തോദ്യരുടെമേൽ ഭാരമായിരുന്നു; അവൻ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താൽ ബാധിച്ചു. അങ്ങനെ ഭവിച്ചതു അസ്തോദ്യർ കണ്ടിട്ടു: യിസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുതു; അവന്റെ കൈ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെ മേലും കഠിനമായിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
”എന്നാൽ യഹോവയുടെ ആത്മാവു ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു. അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ. ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവു തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.
”ദൈവത്തിന്റെ പക്കൽനിന്നു ദുരാത്മാവു ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൗലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.
”പിറ്റെന്നാൾ ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവൻ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു.
”യഹോവയുടെ പക്കൽനിന്നു ദുരാത്മാവു പിന്നെയും ശൗലിന്റെമേൽ വന്നു; അവൻ കയ്യിൽ കുന്തവും പിടിച്ചു തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
”ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്ക്കോമിനെയും ചെന്നു സേവിച്ചു തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. അന്നു ശലോമോൻ യെരൂശലേമിന്നു എതിരെയുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിന്നും ഓരോ പൂജാഗിരി പണിതു.
”അതിന്നു അവൻ പറഞ്ഞതു: എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു. ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽവെച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു. എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു. ഏതിനാൽ എന്നു യഹോവ ചോദിച്ചതിന്നു അവൻ: ഞാൻ പുറപ്പെട്ടു അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവൻ കല്പിച്ചു. ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനർത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
”അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങൾക്കു രണ്ടു കാളക്കുട്ടികളുടെ വിഗ്രഹങ്ങൾ വാർപ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു. അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‌വാൻ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു.
”ഹില്ക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകത്തിൽ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ വാക്യങ്ങളെ നിവർത്തിപ്പാൻ തക്കവണ്ണം യോശീയാവു വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും ഗൃഹബിംബങ്ങളെയും മറ്റു വിഗ്രഹങ്ങളെയും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകലമ്ലേച്ഛതകളെയും അശേഷം നശിപ്പിച്ചുകളഞ്ഞു.
”ഇങ്ങനെ ശൗൽ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.
”അനന്തരം സാത്താൻ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാൻ ദാവീദിന്നു തോന്നിച്ചു.
”ലേവ്യർ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദയിലേക്കും യെരൂശലേമിലേക്കും വന്നു.
”അവൻ തന്റെ പുത്രന്മാരെ ബെൻ-ഹിന്നോംതാഴ്‌വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു; മുഹുർത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിച്ചു, യഹോവെക്കു അനിഷ്ടമായുള്ളതു പലതും ചെയ്തു അവനെ കോപിപ്പിച്ചു.
”ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു. യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു. അതിന്നു സാത്താൻ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു? നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു. ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.
”പിന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു. യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു എന്നു അരുളിച്ചെയ്തു. സാത്താൻ യഹോവയോടു: ത്വക്കിന്നു പകരം ത്വക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും. നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോടു: ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.
”തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്കു ബലികഴിച്ചു. അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീർന്നു.
”നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു. അവരൊക്കെയും നിന്നോടു: നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായ്തീർന്നുവോ? എന്നു പറയും. നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്കു പുതെപ്പായിരിക്കുന്നു.
”അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു! “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
”നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും.
”സകലഫെലിസ്ത്യ ദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ; സർപ്പത്തിന്റെ വേരിൽനിന്നു ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസർപ്പമായിരിക്കും.
”അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.
”തെക്കെ ദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകം: സിംഹി, കേസരി, അണലി, പറക്കുന്ന അഗ്നിസർപ്പം എന്നിവ വരുന്നതായി കഷ്ടവും ക്ലേശവും ഉള്ള ദേശത്തുകൂടി, അവർ ഇളം കഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും കയറ്റി തങ്ങൾക്കു ഉപകാരം വരാത്ത ഒരു ജാതിയുടെ അടുക്കൽ കൊണ്ടുപോകുന്നു.
”ജാതികളുടെ ഇടയിൽ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിൻ; കൊടി ഉയർത്തുവിൻ; മറെച്ചുവെക്കാതെ ഘോഷിപ്പിൻ; ബാബേൽ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക്ക് തകർന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറവിൻ.
”മനുഷ്യപുത്രാ, നീ സോർരാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നേ. നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു. നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു.
”നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാൻ നിന്നെ അശുദ്ധൻ എന്നു എണ്ണി ദേവപർവ്വതത്തിൽ നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു. നിന്റെ സൗന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു. നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാൻ നിന്റെ നടുവിൽനിന്നു ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും. ജാതികളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; നിനക്കു ശിഘ്രനാശം ഭവിച്ചിട്ടു നീ സദാകാലത്തേക്കും ഇല്ലാതെയാകും.
”അവൻ എന്നോടു പറഞ്ഞതു: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാൻ വന്നിരിക്കുന്നു. പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിർത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായിപ്പാൻ വന്നു: അവനെ ഞാൻ പാർസിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,
”അതിന്നു അവൻ എന്നോടു പറഞ്ഞതു: ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാൻ ഇപ്പോൾ പാർസിപ്രഭുവിനോടു യുദ്ധംചെയ്‌വാൻ മടങ്ങിപ്പോകും; ഞാൻ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും. എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതു ഞാൻ നിന്നെ അറിയിക്കാം: നിങ്ങളുടെ പ്രഭുവായ മീഖായേൽ അല്ലാതെ ഈ കാര്യങ്ങളിൽ എന്നോടുകൂടെ ഉറെച്ചുനില്ക്കുന്നവൻ ആരും ഇല്ല.
”അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.
”അന്നാളിൽ ഞാൻ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേർ ഇല്ലാതാക്കും; ഇനി അവയെ ഓർക്കയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.
”അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി. അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു. അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു. യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.
”അവന്റെ ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
”എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.
”വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി.
”അവൻ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ടു ആർക്കും ആ വഴി നടന്നുകൂടാഞ്ഞു. അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു. അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു പൊയ്ക്കൊൾവിൻ എന്നു അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു. മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.
”അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു. പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
”അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്കു അധികാരം കൊടുത്തു.
”രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ.
”അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി. പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദ്പുത്രൻ തന്നേയോ എന്നു പറഞ്ഞു.
”അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു. അവൻ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും; ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും. ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം. ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം. എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.
”അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും. ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവൻ പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു. പിന്നെ അവൻ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.
”ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു.
”അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‌വന്നു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു.
”വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ; കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും.
”സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും എന്നു ഉത്തരം പറഞ്ഞു.
”അന്നു മുതൽ യേശു, താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി. പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി. അവനോ തിരിഞ്ഞു പത്രൊസിനോടു; സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു എന്നു പറഞ്ഞു.
”കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൗഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു. അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു. യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൗഖ്യംവന്നു.
”നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
”പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
”പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.
”അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.
”അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു. അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു. അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ചു: നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു പറഞ്ഞു. യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടുപോ എന്നു പറഞ്ഞു. അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി. എല്ലാവരും ആശ്ചര്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
”വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു. നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൗഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറികകൊണ്ടു സംസാരിപ്പാൻ അവയെ സമ്മതിച്ചില്ല.
”അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.
”അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചുപോന്നു.
”അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു;
”യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂൽ ഉണ്ടു, ഭൂതങ്ങളുടെ തലവനെകൊണ്ടു അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോടു പറഞ്ഞതു: സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും? ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല. ഒരു വീടു തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല. സാത്താൻ തന്നോടുതന്നേ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവന്നു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു. ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം. മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു.
”വിതെക്കുന്നവൻ വചനം വിതെക്കുന്നു. വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.
”പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു. അവന്റെ പാർപ്പു കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു. പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല. അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു. അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു. അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു. നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു; നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു. അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു. അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു. പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാൻ പലരും പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. കണ്ടവർ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു. അപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചു തുടങ്ങി. അവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു. യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു.
”അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
”അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു; വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണതേച്ചു സൗഖ്യം വരുത്തുകയും ചെയ്തു.
”അശുദ്ധാത്മാവു ബാധിച്ച ചെറിയ മകൾ ഉള്ളോരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്നു അവന്റെ കാല്ക്കൽ വീണു. അവൾ സുറൊഫൊയ്നീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോടു അപേക്ഷിച്ചു. യേശു അവളോടു: മുമ്പെ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു. അവൾ അവനോടു: അതേ, കർത്താവേ, ചെറുനായ്ക്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു. അവൻ അവളോടു: ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു. അവൾ വീട്ടിൽ വന്നാറെ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.
”മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു അവരെ ഉപദേശിച്ചു തുടങ്ങി. അവൻ ഈ വാക്കു തുറന്നു പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി. അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു എന്നു പറഞ്ഞു.
”അതിന്നു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു. അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവർക്കു കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു. അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു. ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: ചെറുപ്പംമുതൽ തന്നേ. അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോടു: നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു. ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു. എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി. യേശു അവനെ കൈക്കു പിടിച്ചു നിവിർത്തി, അവൻ എഴുന്നേറ്റു. വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോടു: ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു. പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവൻ പറഞ്ഞു.
”[അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.
”വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;
”യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു. അപ്പോൾ പിശാചു അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. യേശു അവനോടു: മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു: ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു. നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു. യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക. “നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.
”അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു. അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അവൻ നസറായനായ യേശുവേ, വിടു; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ! നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു. മിണ്ടരുതു; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി. എല്ലാവർക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.
”സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൗഖ്യമാക്കി. പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.
”അശുദ്ധാത്മാക്കൾ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു.
”ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു:
”അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
”ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
”അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു. അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു. അവൻ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും. യേശു അവനോടു:നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു. പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു. അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു. ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. ഈ സംഭവിച്ചതു മേയ്ക്കുന്നവർ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു. സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. ഭൂതഗ്രസ്തന്നു സൗഖ്യം വന്നതു എങ്ങനെ എന്നു കണ്ടവർ അവരോടു അറിയിച്ചു. ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു. ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു. അതിന്നു അവൻ:നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
”അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൗഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു;
”കൂട്ടത്തിൽനിന്നു ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാൻ നിന്നോടു അപേക്ഷിക്കുന്നു; അവൻ എനിക്കു ഏകജാതൻ ആകുന്നു. ഒരാത്മാവു അവനെ പിടിച്ചിട്ടു അവൻ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു. അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു. അതിന്നു യേശു:അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു; അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി അപ്പനെ ഏല്പിച്ചു. എല്ലാവരും ദൈവത്തിന്റെ മഹിമയിങ്കൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോടു:
”ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു; അവൻ അവരോടു: സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.
”ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു. അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു. വേറെ ചിലർ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു. അവൻ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓരോന്നും വീഴും. സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും. എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.
”ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു. അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവ്വായുധവർഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു. എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു, അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതിൽ കടന്നു പാർത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാൾ വല്ലാതെയായി ഭവിക്കും.
”അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു.
”എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
”എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാര്യോത്തായൂദയിൽ സാത്താൻ കടന്നു: അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
”ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
”നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
”ഈ വചനംനിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി. അവരിൽ പലരും; അവന്നു ഭൂതം ഉണ്ടു; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
”അത്താഴം ആയപ്പോൾ പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്ക്കര്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു;
”ഞാൻ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവൻ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു. ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.
”അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.
”അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നും പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൗഖ്യം പ്രാപിക്കയും ചെയ്യും.
”അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യം പ്രാപിച്ചു.
”നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.
”എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം - അവരോടു എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു. അപ്പോൾ പൗലൊസ് എന്നും പേരുള്ള ശൗൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി: ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ? ഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു. ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.
”ഞങ്ങൾ പ്രാർത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാർക്കു വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു. അവൾ പൗലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ എന്നു വിളിച്ചുപറഞ്ഞു. ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി. അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൗലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി
”ദൈവം പൗലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ അവന്റെ മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്തു.
”എന്നാൽ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ: പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു. ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു. ദുരാത്മാവു അവരോടു: യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു. പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഓടിപ്പോയി.
”ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.
”ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.
”മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
”എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.
”സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
”ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
”പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ.
”അല്ല, ജാതികൾ ബലി കഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. അല്ല, നാം കർത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?
”സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.
”എന്നാൽ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നു. ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
”ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി?
”ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി,
”എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.
”ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.
”വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.
”എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും
”അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
”അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
”കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു.
”പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.
”കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.
”വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.
”അതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൗലൊസായ ഞാൻ, ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു.
”ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ. നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ? അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു. അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം. അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും. അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും; അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
”കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
”ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൂഷണം പറയാതിരിപ്പൻ പഠിക്കേണ്ടതിന്നു ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.
”നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു. നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.
”എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.
”ഇപ്പോൾ തന്നേ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ.
”ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.
”പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു അവന്റെ കണിയിൽ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.
”മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
”ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.
”എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു. ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.
”ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.
”നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.
”പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും
”കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം. അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ. നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു. നിങ്ങൾ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങൾ അതു അറികയാലും ഭോഷ്കു ഒന്നും സത്യത്തിൽനിന്നു വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നതു. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
”പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി. ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‌വാൻ കഴികയുമില്ല. ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല.
”പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‌വിൻ.
”ദൈവാത്മാവിനെ ഇതിനാൽ അറിയാം: യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.
”നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.
”യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വരുന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.
”തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.
”എന്നാൽ പ്രധാനദൂതനായ മീഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.
”ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു. നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.
”നീ എവിടെ പാർക്കുന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാൻ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ പാർക്കുന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.
”എന്നാൽ ഈ ഉപദേശം കൈക്കൊള്ളാതെയും അവർ പറയുംപോലെ സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു: വേറൊരു ഭാരം ഞാൻ നിങ്ങളുടെ മേൽ ചുമത്തുന്നില്ല;
”യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽ നിന്നു വരുത്തും; അവർ നിന്റെ കാൽക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.
”അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു. അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തിൽനിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു. നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി. അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉള്ള വേദനപോലെ തന്നേ. ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ടു ഓടിപ്പോകും. വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു. സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു. ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു. തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാൻ അതിന്നുള്ള ശക്തി വാലിൽ ആയിരുന്നു. അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ.
”ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയും, കാണ്മാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല.
”അവർ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തിൽ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.
”സ്വർഗ്ഗത്തിൽ മറ്റൊരു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയിൽ ഏഴു രാജമുടിയുമായി തീനിറമുള്ളോരു മഹാസർപ്പം. അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാൻ മഹാസർപ്പം അവളുടെ മുമ്പിൽ നിന്നു.
”പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു. അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.
”തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി. അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു. സർപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായിൽ നിന്നു നദിപോലെ വെള്ളം ചാടിച്ചു. എന്നാൽ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസർപ്പം വായിൽനിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു. മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.
”അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു. ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു. അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു. മൃഗത്തിന്നു അധികാരം കൊടുത്തതുകൊണ്ടു അവർ മഹാസർപ്പത്തെ നമസ്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു. വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു. അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു. വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു. ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ. അടിമയാക്കി കൊണ്ടുപോകുന്നവൻ അടിമയായിപ്പോകും; വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണതയും വിശ്വാസവും കൊണ്ടു ആവശ്യം.
”മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാസർപ്പം എന്നപോലെ സംസാരിച്ചു. അതു ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതിൽ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു. അതു മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങൾ പ്രവൃത്തിക്കയും മൃഗത്തിന്റെ മുമ്പിൽ പ്രവൃത്തിപ്പാൻ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാൻ ഭൂവാസികളോടു പറകയും ചെയ്യുന്നു. മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു. അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‌വാൻ വഹിയാതെയും ആക്കുന്നു. ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.
”മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാർക്കും കുഞ്ഞാടിന്നും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും. അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.
”അഞ്ചാമത്തവൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി.
”മഹാസർപ്പത്തിന്റെ വായിൽ നിന്നും മൃഗത്തിന്റെ വായിൽ നിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു. ഇവ സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ.—
”പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ വന്നു എന്നോടു സംസാരിച്ചു: വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താൽ ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു. അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു. ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു. മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു. വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു. ദൂതൻ എന്നോടു പറഞ്ഞതു: നീ ആശ്ചര്യപ്പെടുന്നതു എന്തു? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്റെയും മർമ്മം ഞാൻ പറഞ്ഞുതരാം.
”നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും. ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു. ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു. നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും. ഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു.
”അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും. പിന്നെ അവൻ എന്നോടു പറഞ്ഞതു: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ. നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും. ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‌വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു. നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം തന്നേ.
”അവൻ ഉറക്കെ വിളിച്ചുപറഞ്ഞതു: വീണുപോയി: മഹതിയാം ബാബിലോൻ വീണുപോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുള്ള സകലപക്ഷികളുടെയും തടവുമായിത്തീർന്നു.
”കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‌വാൻ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാൻ കണ്ടു. മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു. ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.
”അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.
”ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും. അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും. അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.
”അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.
”