24 – കുടുംബം

ഇവ സർവ്വശക്തനായ ദൈവത്തിന്റെ വിശുദ്ധ വാക്കുകളാണ്.
മനുഷ്യരുടെ വാക്കുകളിൽ നമുക്ക് താൽപ്പര്യമില്ല.
ദൈവത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും... ദൈവം പറയുന്നത് ഇതാണ്: കുടുംബം.

ഏറ്റവും പ്രധാനപ്പെട്ട 3 വാക്യങ്ങൾ

ആവർത്തനപുസ്തകം 6:6-7

ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.

എഫെസ്യർ 5:31-33

അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.

എഫെസ്യർ 6:1-4

മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു. പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.

കാനോനിക ക്രമത്തിലെ ഓരോ വാക്യവും - 302 ഭാഗങ്ങൾ

ഉല്പത്തി 1:27-28

ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.

ഉല്പത്തി 2:18-20

അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി. മനുഷ്യൻ എല്ലാകന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാകാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.

ഉല്പത്തി 2:21-23

ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു.

ഉല്പത്തി 2:24-25

അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും. മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.

ഉല്പത്തി 3:12-13

അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.

ഉല്പത്തി 3:15-17

ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും. സ്ത്രീയോടു കല്പിച്ചതു: ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും. മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും.

ഉല്പത്തി 3:20

മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.

ഉല്പത്തി 4:1-11

അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു. പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു. ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി. എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു? നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു. എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു. പിന്നെ യഹോവ കയീനോടു: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്നു അവൻ പറഞ്ഞു. അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു. ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.

ഉല്പത്തി 5:1-2

ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.

ഉല്പത്തി 5:3-5

ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു. ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.

ഉല്പത്തി 6:1

മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്കു പുത്രിമാർ ജനിച്ചപ്പോൾ

ഉല്പത്തി 7:1

അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.

ഉല്പത്തി 9:1

ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാൽ: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ.

ഉല്പത്തി 12:1-3

യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.

ഉല്പത്തി 17:4-7

എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും; ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം. ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും. ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.

ഉല്പത്തി 17:15-17

ദൈവം പിന്നെയും അബ്രാഹാമിനോടു: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേർ സാറാ എന്നു ഇരിക്കേണം. ഞാൻ അവളെ അനുഗ്രഹിച്ചു അവളിൽനിന്നു നിനക്കു ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു. അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.

ഉല്പത്തി 18:19

യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിന്നു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.

ഉല്പത്തി 21:1-3

അനന്തരം യഹോവ താൻ അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദർശിച്ചു; താൻ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറെക്കു നിവൃത്തിച്ചുകൊടുത്തു. അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. സാറാ അബ്രാഹാമിന്നു പ്രസവിച്ച മകന്നു അവൻ യിസ്ഹാക്ക് എന്നു പേരിട്ടു.

ഉല്പത്തി 24:67

യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കയെ പരിഗ്രഹിച്ചു അവൾ അവന്നു ഭാര്യയായിത്തീർന്നു; അവന്നു അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു.

ഉല്പത്തി 28:14

നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.

ഉല്പത്തി 29:18-20

യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. അതിന്നു ലാബാൻ: ഞാൻ അവളെ അന്യപുരുഷന്നു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലംപോലെ തോന്നി.

ഉല്പത്തി 30:1-2

താൻ യാക്കോബിന്നു മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്റെ സഹോദരിയോടു അസൂയപ്പെട്ടു യാക്കോബിനോടു: എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും എന്നു പറഞ്ഞു. അപ്പോൾ യാക്കോബിന്നു റാഹേലിനോടു കോപം ജ്വലിച്ചു: നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ എന്നു പറഞ്ഞു.

ഉല്പത്തി 31:3

അപ്പോൾ യഹോവ യാക്കോബിനോടു: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു.

ഉല്പത്തി 35:2

അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ.

ഉല്പത്തി 45:1-3

അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ അടക്കുവാൻ വഹിയാതെ: എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അടുക്കൽ ഉണ്ടായിരുന്നില്ല. അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു. യോസേഫ് സഹോദരന്മാരോടു: ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.

ഉല്പത്തി 46:29

യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.

ഉല്പത്തി 47:11-12

അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാർപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവർക്കു മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു. യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.

പുറപ്പാടു 20:5

അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും

പുറപ്പാടു 20:12

നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.

പുറപ്പാടു 21:15

തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

പുറപ്പാടു 22:22

വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുതു.

പുറപ്പാടു 34:7

ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.

പുറപ്പാടു 34:16

അവരുടെ പുത്രിമാരിൽനിന്നു നിന്റെ പുത്രന്മാർക്കു ഭാര്യമാരെ എടുക്കയും അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യുമ്പോൾ നിന്റെ പുത്രന്മാരെക്കൊണ്ടു അവരുടെ ദേവന്മാരോടു പരസംഗം ചെയ്യിക്കയും ചെയ്‌വാൻ ഇടവരരുതു.

ലേവ്യപുസ്തകം 19:3

നിങ്ങൾ ഓരോരുത്തൻ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

ലേവ്യപുസ്തകം 19:17

സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേൽ വരാതിരിപ്പാൻ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു.

ലേവ്യപുസ്തകം 20:9

അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേൽ ഇരിക്കും.

ലേവ്യപുസ്തകം 21:7

വേശ്യയെയോ ദുർന്നടപ്പുകാരത്തിയെയോ അവർ വിവാഹം കഴിക്കരുതു; ഭർത്താവു ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുതു; അവൻ തന്റെ ദൈവത്തിന്നു വിശുദ്ധൻ ആകുന്നു.

ലേവ്യപുസ്തകം 21:13-14

കന്യകയായ സ്ത്രീയെ മാത്രമേ അവൻ വിവാഹം കഴിക്കാവു. വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുർന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവൻ വിവാഹം കഴിക്കരുതു; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.

സംഖ്യാപുസ്തകം 5:29-31

ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം; ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവൻ ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമൊക്കെയും അവളിൽ നടത്തേണം. എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.

സംഖ്യാപുസ്തകം 27:7-11

സെലോഫഹാദിന്റെ പുത്രിമാർ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്കു ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവർക്കു കൊടുക്കേണം. നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടുക്കേണം. അവന്നു മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്കു കൊടുക്കേണം. അവന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്കു കൊടുക്കേണം. അവന്റെ അപ്പന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം; അവൻ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾക്കു ന്യായപ്രമാണം ആയിരിക്കേണം.

സംഖ്യാപുസ്തകം 36:6-9

യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്ന കാര്യം എന്തെന്നാൽ: അവർ തങ്ങൾക്കു ബോധിച്ചവർക്കു ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്കു മാത്രമേ ആകാവു. യിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേർന്നിരിക്കേണം; യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേൽമക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുത്തന്നു ഭാര്യയാകേണം. അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേൽമക്കളുടെ ഗോത്രങ്ങളിൽ ഓരോരുത്തൻ താന്താന്റെ അവകാശത്തോടു ചേർന്നിരിക്കേണം.

ആവർത്തനപുസ്തകം 4:9-10

കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം. വിശേഷാൽ ഹോരേബിൽ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽനിന്ന ദിവസത്തിൽ ഉണ്ടായ കാര്യം മറക്കരുതു. അന്നു യഹോവ എന്നോടു: ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാൾ ഒക്കെയും എന്നെ ഭയപ്പെടുവാൻ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.

ആവർത്തനപുസ്തകം 5:16

നിനക്കു ദീർഘായുസ്സു ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.

ആവർത്തനപുസ്തകം 6:6-7

ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.

ആവർത്തനപുസ്തകം 7:3-4

അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു. അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.

ആവർത്തനപുസ്തകം 10:18

അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു.

ആവർത്തനപുസ്തകം 11:19

വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.

ആവർത്തനപുസ്തകം 12:28

നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമായുള്ളതു ചെയ്തിട്ടു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ സകലവചനങ്ങളും കേട്ടു പ്രമാണിക്ക.

ആവർത്തനപുസ്തകം 16:14

ഈ പെരുനാളിൽ നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.

ആവർത്തനപുസ്തകം 17:17

അവന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുതു; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുതു.

ആവർത്തനപുസ്തകം 20:7

ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിന്നു നിശ്ചയിച്ചു അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.

ആവർത്തനപുസ്തകം 21:15-17

ഒരുത്തി ഇഷ്ടയായും മറ്റവൾ അനിഷ്ടയായും ഇങ്ങനെ ഒരാൾക്കു രണ്ടു ഭാര്യമാർ ഉണ്ടായിരിക്കയും അവർ ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതൻ അനിഷ്ടയുടെ മകൻ ആയിരിക്കയും ചെയ്താൽ അവൻ തന്റെ സ്വത്തു പുത്രന്മാർക്കു ഭാഗിച്ചു കൊടുക്കുമ്പോൾ അനിഷ്ടയുടെ മകനായ ആദ്യജാതന്നു പകരം ഇഷ്ടയുടെ മകന്നു ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ. തനിക്കുള്ള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവൻ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവന്നുള്ളതാകുന്നു.

ആവർത്തനപുസ്തകം 21:18-21

അപ്പന്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകൻ ഒരുത്തന്നു ഉണ്ടെങ്കിൽ അമ്മയപ്പന്മാർ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കലേക്കു കൊണ്ടുപോയി: ഞങ്ങളുടെ ഈ മകൻ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേൾക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം. പിന്നെ അവന്റെ പട്ടണക്കാർ എല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.

ആവർത്തനപുസ്തകം 22:13-22

ഒരു പുരുഷൻ ഒരു സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നശേഷം അവളെ വെറുത്തു: ഞാൻ ഈ സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നാറെ അവളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെ മേൽ നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാൽ യുവതിയുടെ അമ്മയപ്പന്മാർ അവളുടെ കന്യകാലക്ഷണങ്ങളെടുത്തു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കൽ കൊണ്ടുവരേണം. യുവതിയുടെ അപ്പൻ മൂപ്പന്മാരോടു: ഞാൻ എന്റെ മകളെ ഈ പുരുഷന്നു ഭാര്യയായി കൊടുത്തു; എന്നാൽ അവന്നു അവളോടു അനിഷ്ടമായിരിക്കുന്നു. ഞാൻ നിന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെമേൽ നാണക്കേടു ചുമത്തുന്നു; എന്നാൽ എന്റെ മകളുടെ കന്യകാലക്ഷണങ്ങൾ ഇതാ എന്നു പറഞ്ഞു പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പിൽ ആ വസ്ത്രം വിടർക്കേണം. അപ്പോൾ പട്ടണത്തിലെ മൂപ്പന്മാർ ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം. അവൻ യിസ്രായേലിൽ ഒരു കന്യകയുടെമേൽ അപവാദം പറഞ്ഞുണ്ടാക്കിയതിനാൽ അവർ അവനെക്കൊണ്ടു നൂറു വെള്ളിക്കാശു പിഴ ചെയ്യിച്ചു യുവതിയുടെ അപ്പന്നു കൊടുക്കേണം; അവൾ അവന്നു തന്നേ ഭാര്യയായിരിക്കേണം; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ. എന്നാൽ യുവതിയിൽ കന്യകാലക്ഷണം കണ്ടില്ല എന്നുള്ള വാക്കു സത്യം ആയിരുന്നാൽ അവർ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതിൽക്കൽ കൊണ്ടുപോയി അവൾ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചു അപ്പന്റെ വീട്ടിൽവെച്ചു വേശ്യാദോഷം ചെയ്കകൊണ്ടു അവളുടെ പട്ടണക്കാർ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം. ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തൻ ശയിക്കുന്നതു കണ്ടാൽ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം.

ആവർത്തനപുസ്തകം 23:2

കൗലടേയൻ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.

ആവർത്തനപുസ്തകം 24:1-4

ഒരു പുരുഷൻ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളിൽ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കേണം. അവന്റെ വീട്ടിൽനിന്നു പുറപ്പെട്ടശേഷം അവൾ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം. എന്നാൽ രണ്ടാമത്തെ ഭർത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭർത്താവു മരിച്ചുപോകയോ ചെയ്താൽ അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭർത്താവിന്നു അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.

ആവർത്തനപുസ്തകം 24:5

ഒരു പുരുഷൻ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോൾ അവൻ യുദ്ധത്തിന്നു പോകരുതു; അവന്റെമേൽ യാതൊരു ഭാരവും വെക്കരുതു; അവൻ ഒരു സംവത്സരത്തേക്കു വീട്ടിൽ സ്വതന്ത്രനായിരുന്നു താൻ പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം.

ആവർത്തനപുസ്തകം 27:16

അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

ആവർത്തനപുസ്തകം 27:19

പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

ആവർത്തനപുസ്തകം 29:29

മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.

ആവർത്തനപുസ്തകം 31:12-13

പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിന്നും നിങ്ങൾ യോർദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചുകൂട്ടേണം.

യോശുവ 2:12-13

ആകയാൽ ഞാൻ നിങ്ങളോടു ദയ ചെയ്കകൊണ്ടു നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്തു എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു ഞങ്ങളുടെ ജീവനെ മരണത്തിൽനിന്നു വിടുവിക്കുമെന്നു യഹോവയെച്ചൊല്ലി എന്നോടു സത്യംചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയും വേണം.

യോശുവ 7:14

നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ടു അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം.

യോശുവ 23:12-13

അല്ലാതെ നിങ്ങൾ വല്ലപ്രകാരവും പിന്തിരിഞ്ഞു നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേർന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങൾ അവരോടും അവർ നിങ്ങളോടും ഇടകലരുകയും ചെയ്താൽ നിങ്ങളുടെ ദൈവമായ യഹോവ മേലാൽ ഈ ജാതികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്കു കുടുക്കും കണിയും വിലാപ്പുറത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊൾവിൻ.

യോശുവ 24:15

യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.

ന്യായാധിപന്മാർ 21:24

യിസ്രായേൽമക്കളും ആ കാലത്തു അവിടം വിട്ടു ഓരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവർ അവിടം വിട്ടു ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു ചെന്നു.

രൂത്ത് 1:16

അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.

രൂത്ത് 4:10

അത്രയുമല്ല മരിച്ചവന്റെ പേർ അവന്റെ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ പട്ടണവാതില്ക്കൽനിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന്നു മഹ്ലോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.

1. ശമൂവേൽ 1:8

അവളുടെ ഭർത്താവായ എല്ക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു.

1. ശമൂവേൽ 1:11

അവൾ ഒരു നേർച്ച നേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.

1. ശമൂവേൽ 1:27-28

ഈ ബാലന്നായിട്ടു ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു. അതുകൊണ്ടു ഞാൻ അവനെ യഹോവെക്കു നിവേദിച്ചിരിക്കുന്നു; അവൻ ജീവപര്യന്തം യഹോവെക്കു നിവേദിതനായിരിക്കും. അവർ അവിടെ യഹോവയെ നമസ്കരിച്ചു.

1. ശമൂവേൽ 2:12

എന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു.

1. ശമൂവേൽ 2:18

ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു.

1. ശമൂവേൽ 2:26

ശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.

2. ശമൂവേൽ 7:14

ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.

1. രാജാക്കന്മാർ 11:1-4

ശലോമോൻരാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു. നിങ്ങൾക്കു അവരോടു കൂടിക്കലർച്ച അരുതു; അവർക്കു നിങ്ങളോടും കൂടിക്കലർച്ച അരുതു; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്ത അന്യജാതികളിൽനിന്നുള്ളവരെ തന്നേ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു. അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. എങ്ങനെയെന്നാൽ ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.

എസ്രാ 9:12

ആകയാൽ നിങ്ങൾ ശക്തിപ്പെട്ടു ദേശത്തിന്റെ നന്മ അനുഭവിച്ചു അതു എന്നേക്കും നിങ്ങളുടെ മക്കൾക്കു അവകാശമായി വെച്ചേക്കേണ്ടതിന്നു നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കു എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും കരുതാതെയും ഇരിക്കേണം എന്നിങ്ങനെ നിന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നീ അരുളിച്ചെയ്ത കല്പനകളെ ഞങ്ങൾ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.

എസ്രാ 10:10-12

അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റു അവരോടു: നിങ്ങൾ ദ്രോഹംചെയ്തു യിസ്രായേലിന്റെ കുറ്റത്തെ വർദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു. ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്‌വിൻ എന്നു പറഞ്ഞു. അതിന്നു സർവ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതു: നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങൾ ചെയ്യേണ്ടതാകന്നു.

ഇയ്യോബ് 2:9-10

അവന്റെ ഭാര്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു. അവൻ അവളോടു: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.

സങ്കീർത്തനങ്ങൾ 8:2

നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 10:18

യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേൾക്കയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 22:9-10

നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്കുമാറാക്കി. ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.

സങ്കീർത്തനങ്ങൾ 27:10

എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.

സങ്കീർത്തനങ്ങൾ 37:25-26

ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.

സങ്കീർത്തനങ്ങൾ 51:5-6

ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു. അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.

സങ്കീർത്തനങ്ങൾ 68:5-6

ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു. ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും.

സങ്കീർത്തനങ്ങൾ 78:2-8

ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു. നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു. വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.

സങ്കീർത്തനങ്ങൾ 82:3

എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിൻ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിൻ.

സങ്കീർത്തനങ്ങൾ 103:13

അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.

സങ്കീർത്തനങ്ങൾ 103:17

യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.

സങ്കീർത്തനങ്ങൾ 105:6-8

അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ. അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ടു. അവൻ തന്റെ നിയമത്തെ എന്നേക്കും താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു.

സങ്കീർത്തനങ്ങൾ 113:9

അവൻ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.

സങ്കീർത്തനങ്ങൾ 115:14

യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.

സങ്കീർത്തനങ്ങൾ 127:3-5

മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ. വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ. അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതില്ക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.

സങ്കീർത്തനങ്ങൾ 128:3

നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.

സങ്കീർത്തനങ്ങൾ 128:6

നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

സങ്കീർത്തനങ്ങൾ 133:1

ദാവീദിന്റെ ഒരു ആരോഹണഗീതം. ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

സങ്കീർത്തനങ്ങൾ 139:13-16

നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;

സങ്കീർത്തനങ്ങൾ 148:12-13

യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും, ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.

സദൃശവാക്യങ്ങൾ 1:8

മകനേ, അപ്പന്റെ പ്രബോധനം കേൾക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു;

സദൃശവാക്യങ്ങൾ 3:11-12

മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു. അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

സദൃശവാക്യങ്ങൾ 4:1-4

മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ. ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു. ഞാൻ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു; അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.

സദൃശവാക്യങ്ങൾ 4:10-11

മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.

സദൃശവാക്യങ്ങൾ 4:20-23

മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക. അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക. അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൗഖ്യവും ആകുന്നു. സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.

സദൃശവാക്യങ്ങൾ 5:18-19

നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക. കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.

സദൃശവാക്യങ്ങൾ 6:20

മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.

സദൃശവാക്യങ്ങൾ 10:1

ശലോമോന്റെ സദൃശവാക്യങ്ങൾ ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.

സദൃശവാക്യങ്ങൾ 11:29

സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും.

സദൃശവാക്യങ്ങൾ 12:4

സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.

സദൃശവാക്യങ്ങൾ 13:1

ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.

സദൃശവാക്യങ്ങൾ 13:22

ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു.

സദൃശവാക്യങ്ങൾ 13:24

വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.

സദൃശവാക്യങ്ങൾ 14:1

സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.

സദൃശവാക്യങ്ങൾ 15:5

ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.

സദൃശവാക്യങ്ങൾ 15:20

ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.

സദൃശവാക്യങ്ങൾ 17:2

നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.

സദൃശവാക്യങ്ങൾ 17:6

മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ.

സദൃശവാക്യങ്ങൾ 17:17

സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.

സദൃശവാക്യങ്ങൾ 17:25

മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നേ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു.

സദൃശവാക്യങ്ങൾ 18:22

ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.

സദൃശവാക്യങ്ങൾ 19:13-14

മൂഢനായ മകൻ അപ്പന്നു നിർഭാഗ്യം; ഭാര്യയുടെ കലമ്പൽ തീരാത്ത ചോർച്ച പോലെ. ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.

സദൃശവാക്യങ്ങൾ 19:18

പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുതു.

സദൃശവാക്യങ്ങൾ 19:26

അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.

സദൃശവാക്യങ്ങൾ 20:7

പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.

സദൃശവാക്യങ്ങൾ 20:11

ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.

സദൃശവാക്യങ്ങൾ 20:20

ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്കു കൂരിരുട്ടിൽ കെട്ടുപോകും.

സദൃശവാക്യങ്ങൾ 20:21

ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.

സദൃശവാക്യങ്ങൾ 21:9

ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.

സദൃശവാക്യങ്ങൾ 21:19

ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലതു.

സദൃശവാക്യങ്ങൾ 22:6

ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.

സദൃശവാക്യങ്ങൾ 22:15

ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽ നിന്നു അകറ്റിക്കളയും.

സദൃശവാക്യങ്ങൾ 23:13-16

ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല. വടികൊണ്ടു അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും. മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും. നിന്റെ അധരം നേർ സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും.

സദൃശവാക്യങ്ങൾ 23:22-26

നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു. നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ. നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.

സദൃശവാക്യങ്ങൾ 25:24

ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.

സദൃശവാക്യങ്ങൾ 27:15

പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.

സദൃശവാക്യങ്ങൾ 28:7

ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; അതിഭക്ഷകന്മാർക്കു സഖിയായവനോ അപ്പനെ അപമാനിക്കുന്നു.

സദൃശവാക്യങ്ങൾ 28:24

അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ടു അതു അക്രമമല്ല എന്നു പറയുന്നവൻ നാശകന്റെ സഖി.

സദൃശവാക്യങ്ങൾ 29:15

വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.

സദൃശവാക്യങ്ങൾ 29:17

നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വാസമായ്തീരും; അവൻ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.

സദൃശവാക്യങ്ങൾ 30:11-13

അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ! തങ്ങൾക്കു തന്നേ നിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ! അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു - അവരുടെ കണ്ണിമകൾ എത്ര പൊങ്ങിയിരിക്കുന്നു -

സദൃശവാക്യങ്ങൾ 30:17

അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.

സദൃശവാക്യങ്ങൾ 30:18-19

എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു: ആകാശത്തു കഴുകന്റെ വഴിയും പാറമേൽ സർപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.

സദൃശവാക്യങ്ങൾ 31:2-3

മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു? എന്റെ നേർച്ചകളുടെ മകനേ, എന്തു? സ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുതു.

സദൃശവാക്യങ്ങൾ 31:10-31

സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും. ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല. അവൾ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു. അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു. അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു. അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവർക്കു ആഹാരവും വേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു. അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു. അവൾ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു. തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല. അവൾ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിർ പിടിക്കുന്നു. അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു. തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ. അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു. ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭർത്താവു പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു. അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു. ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഓർത്തു അവൾ പുഞ്ചിരിയിടുന്നു. അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു. വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല. അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നതു: അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു. ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും. അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.

സഭാപ്രസംഗി 4:9-12

ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം! രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നേ ആയാലോ എങ്ങനെ കുളിർ മാറും? ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനില്ക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല.

സഭാപ്രസംഗി 9:9

സൂര്യന്നു കീഴെ അവൻ നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊൾക; അതല്ലോ ഈ ആയുസ്സിലും സൂര്യന്റെ കീഴിൽ നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഓഹരി.

സഭാപ്രസംഗി 11:5

കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായി വരുന്നതു എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല.

സഭാപ്രസംഗി 12:1

നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും

ഉത്തമഗീതം 3:11

സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു ശലോമോൻരാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നേ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിൻ.

യെശയ്യാവു 7:14

അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.

യെശയ്യാവു 9:6

നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.

യെശയ്യാവു 26:17-18

യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭണി നോവുകിട്ടി തന്റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ നിന്റെ മുമ്പാകെ ആയിരുന്നു. ഞങ്ങൾ ഗർഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ, കാറ്റിനെ പ്രസവിച്ചതുപോലെ ഇരുന്നു; ദേശത്തു ഒരു രക്ഷയും ഞങ്ങൾ പ്രവർത്തിച്ചിട്ടില്ല; ഭൂവാസികൾ പിറന്നുവീണതുമില്ല.

യെശയ്യാവു 38:19

ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും; അപ്പൻ മക്കളോടു നിന്റെ വിശ്വസ്തയെ അറിയിക്കും.

യെശയ്യാവു 49:1

ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു.

യെശയ്യാവു 49:15

ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.

യെശയ്യാവു 54:5-6

നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ; സർവ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൗവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.

യെശയ്യാവു 54:13

നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.

യെശയ്യാവു 61:10

ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.

യെശയ്യാവു 62:5

യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.

യെശയ്യാവു 66:13

അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും.

യിരെമ്യാവു 1:5

നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.

യിരെമ്യാവു 3:1

ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവൾ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കൽ മടങ്ങിവരുവാൻ നീ വിചാരിക്കുന്നുവോ എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവു 3:8

വിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്ത ഹേതുവാൽ തന്നേ ഞാൻ അവളെ ഉപേക്ഷിച്ചു ഉപേക്ഷണപത്രം കൊടുത്തതു വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു.

യിരെമ്യാവു 3:14

വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാനല്ലോ നിങ്ങളുടെ ഭർത്താവു; ഞാൻ നിങ്ങളെ പട്ടണത്തിൽ ഒരുത്തനെയും വംശത്തിൽ രണ്ടുപേരെയും വീതം എടുത്തു സീയോനിലേക്കു കൊണ്ടുവരും.

യിരെമ്യാവു 7:6-7

പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും നിങ്ങൾക്കു ആപത്തിന്നായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നു എങ്കിൽ, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്തു നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും.

യിരെമ്യാവു 29:6

ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിൻ; നിങ്ങൾ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന്നു പുത്രന്മാർക്കു ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാർക്കു കൊടുക്കയും ചെയ്‌വിൻ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ.

യെഹെസ്കേൽ 16:43-44

നീ നിന്റെ യൗവനകാലം ഓർക്കാതെ ഇവയാൽ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ടു, ഞാനും നിന്റെ നടപ്പിന്നു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിന്റെ സകലമ്ലേച്ഛതകൾക്കും പുറമെ നീ ഈ ദുഷ്കർമ്മവും ചെയ്തിട്ടില്ലയോ. പഴഞ്ചൊല്ലു പറയുന്നവനൊക്കെയും: യഥാമാതാതഥാപുത്രീ എന്നുള്ള പഴഞ്ചൊല്ലു നിന്നെക്കുറിച്ചു പറയും.

യെഹെസ്കേൽ 18:20

പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പൻ മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.

യെഹെസ്കേൽ 20:18

ഞാൻ മരുഭൂമിയിൽവെച്ചു അവരുടെ മക്കളോടു: നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുതു; അവരുടെ വിധികളെ പ്രമാണിക്കരുതു; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു;

യെഹെസ്കേൽ 22:7

നിന്റെ മദ്ധ്യേ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവെച്ചു അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.

യെഹെസ്കേൽ 44:22

വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാര്യയായി എടുക്കാതെ അവർ യിസ്രായേൽഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കേണം.

ഹോശേയ 2:19-20

ഞാൻ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും. ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും.

യോവേൽ 1:3

ഇതു നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ തങ്ങളുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം.

യോവേൽ 1:8

യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക.

യോവേൽ 2:28

അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങളെ ദർശിക്കും.

ആമോസ് 3:3

രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ?

മീഖാ 7:6

മകൻ അപ്പനെ നിന്ദിക്കുന്നു; മകൾ അമ്മയോടും മരുമകൾ അമ്മാവിയമ്മയോടും എതിർത്തുനില്ക്കുന്നു; മനുഷ്യന്റെ ശത്രുക്കൾ അവന്റെ വീട്ടുകാർ തന്നേ.

സെഖര്യാവു 7:9-10

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഓരോരുത്തൻ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്‌വിൻ. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുതു.

മലാഖി 2:14-16

എന്നാൽ നിങ്ങൾ: അതു എന്തുകൊണ്ടു എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൗവനത്തിലെ ഭാര്യക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവൾ നിന്റെ കൂട്ടാളിയും നിന്റെ ധർമ്മപത്നിയുമല്ലോ. ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാൽ ആ ഒരുത്തൻ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവൻ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ; തന്റെ യൗവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുതു. ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ.

മലാഖി 4:6

ഞാൻ വന്നു ഭൂമിയെ സംഹാരശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.

മത്തായി 1:1-16

അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു; യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു; ഹെസ്രോൻ ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു; ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദ്‌രാജാവിനെ ജനിപ്പിച്ചു; ദാവീദ് ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു; ശലോമോൻ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവു ആസയെ ജനിപ്പിച്ചു; ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു; ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പിച്ചു; ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശീയാവെ ജനിപ്പിച്ചു; യോശീയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു. ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു; സെരുബ്ബാബേൽ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു. ആസോർ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു; എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു. യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.

മത്തായി 1:17

ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ്‌വരെ പതിന്നാലും ദാവീദ്‌മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.

മത്തായി 1:18-25

എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു. യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു.

മത്തായി 2:11

ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുംകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.

മത്തായി 5:22-24

ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.

മത്തായി 5:31-32

ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.

മത്തായി 7:9-11

മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ? മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!

മത്തായി 10:34-37

ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും. എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.

മത്തായി 12:25

അവൻ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും;

മത്തായി 12:46-50

അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. അതു പറഞ്ഞവനോടു അവൻ: എന്റെ അമ്മ ആർ? എന്റെ സഹോദരന്മാർ ആർ? എന്നു ചോദിച്ചു ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

മത്തായി 13:55-57

ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.

മത്തായി 15:4-6

അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ. നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.

മത്തായി 18:2-6

അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിറുത്തി: നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‌വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു. ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈകൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു. എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു.

മത്തായി 18:10

ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

മത്തായി 18:15

നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി.

മത്തായി 18:21-22

അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.

മത്തായി 19:3-10

പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു. അതിന്നു അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: എന്നാൽ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു. അവൻ അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.

മത്തായി 19:13-14

അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി. യേശുവോ: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ1 തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.

മത്തായി 19:29

എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.

മത്തായി 21:16

ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.

മത്തായി 22:2-4

സ്വർഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം. അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിൻ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.

മത്തായി 22:9-12

ആകയാൽ വഴിത്തലെക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിൻ എന്നു പറഞ്ഞു. ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു. വിരുന്നുകാരെ നോക്കുവാൻ രാജാവു അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന്നു വാക്കു മുട്ടിപ്പോയി.

മത്തായി 22:23-32

പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കൽ വന്നു: ഗുരോ, ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ. എന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു. രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നേ. എല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു. അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു. പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ? ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.

മത്തായി 23:9

ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.

മത്തായി 24:38

ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;

മത്തായി 25:1

സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.

മർക്കൊസ് 3:17

സെബെദിയുടെ മകനായ യാക്കോബു, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവർക്കു ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്നു പേരിട്ടു —

മർക്കൊസ് 3:25

ഒരു വീടു തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല.

മർക്കൊസ് 3:31-35

അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളിപ്പാൻ ആളയച്ചു. പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു: എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു: എന്റെ അമ്മയും സഹോദരന്മാരും ഇതാ. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

മർക്കൊസ് 6:3-4

ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.

മർക്കൊസ് 7:10-13

നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ. നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നർത്ഥമുള്ള കൊർബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു; തന്റെ അപ്പന്നോ അമ്മെക്കോ മേലാൽ ഒന്നും ചെയ്‌വാൻ അവനെ സമ്മതിക്കുന്നതുമില്ല. ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു.

മർക്കൊസ് 9:36-37

ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിറുത്തി അണെച്ചുകൊണ്ടു അവരോടു: ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.

മർക്കൊസ് 9:42

എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.

മർക്കൊസ് 10:2-12

അപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു. അവൻ അവരോടു: മോശെ നിങ്ങൾക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു. ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്നു അവർ പറഞ്ഞു. യേശു അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്കു ഈ കല്പന എഴുതിത്തന്നതു. സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി. അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു. വീട്ടിൽ വെച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു. അവൻ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.

മർക്കൊസ് 10:13-16

അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു. യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.

മർക്കൊസ് 10:19

കൊലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.

മർക്കൊസ് 10:29-30

അതിന്നു യേശു: എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

മർക്കൊസ് 12:19-26

ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി. രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ. ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യ ആയിരുന്നുവല്ലോ. യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു? മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും. എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടർപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?

മർക്കൊസ് 13:12

സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരെ എഴുന്നേറ്റു അവരെ കൊല്ലിക്കും.

ലൂക്കൊസ് 1:13-17

ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം. നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും. അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.

ലൂക്കൊസ് 1:26-35

ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു. ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.

ലൂക്കൊസ് 1:41-44

മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു. എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി. നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി.

ലൂക്കൊസ് 2:4-7

അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്ത്ലേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.

ലൂക്കൊസ് 2:21-23

പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു. മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ

ലൂക്കൊസ് 2:48-51

അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു. അവൻ അവരോടു: എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ. എന്നു പറഞ്ഞു. അവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല. പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.

ലൂക്കൊസ് 3:23-38

യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു; യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി യോസേഫിന്റെ മകൻ, യോസേഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ, നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്റെ മകൻ, യോസേഫ് യോദയുടെ മകൻ, യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സൊരൊബാബേലിന്റെ മകൻ, സൊരൊബാബേൽ ശലഥീയേലിന്റെ മകൻ, ശലഥീയേൽ നേരിയുടെ മകൻ, നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എല്മാദാമിന്റെ മകൻ, എല്മാദാം ഏരിന്റെ മകൻ, ഏർ യോശുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി ശിമ്യോന്റെ മകൻ, ശിമ്യോൻ യെഹൂദയുടെ മകൻ, യെഹൂദാ യോസേഫിന്റെ മകൻ, യോസേഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ, എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ, ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ, സല്മോൻ നഹശോന്റെ മകൻ, നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം എസ്രോന്റെ മകൻ, എസ്രോൻ പാരെസിന്റെ മകൻ, പാരെസ് യേഹൂദയുടെ മകൻ, യെഹൂദാ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേറഹിന്റെ മകൻ, തേറഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ, കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ, ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ, കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.

ലൂക്കൊസ് 8:19-21

അവന്റെ അമ്മയും സഹോദരന്മാരും അവന്റെ അടുക്കൽ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ഇച്ഛിച്ചുകൊണ്ടു പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോടു അറിയിച്ചു. അവരോടു അവൻ:എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.

ലൂക്കൊസ് 11:11-13

എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.

ലൂക്കൊസ് 12:53

അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും.

ലൂക്കൊസ് 14:26-27

എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. തന്റെ ക്രൂശു എടുത്തുകൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല.

ലൂക്കൊസ് 15:11-24

പിന്നെയും അവൻ പറഞ്ഞതു: ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു. ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു. എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി. അവൻ ആ ദേശത്തിലേ പൗരന്മാരിൽ ഒരുത്തനെ ചെന്നു ആശ്രയിച്ചു. അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു. പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല. അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു. ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു. മകൻ അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക. ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.

ലൂക്കൊസ് 16:18

ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

ലൂക്കൊസ് 17:3-4

സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോടു ക്ഷമിക്ക. ദിവസത്തിൽ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോടു ക്ഷമിക്ക.

ലൂക്കൊസ് 18:15-17

അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു. യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

ലൂക്കൊസ് 18:29-30

യേശു അവരോടു: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു.

ലൂക്കൊസ് 20:27-35

പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തു വന്നു അവനോടു ചോദിച്ചതു: ഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി. രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു. അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി. ഒടുവിൽ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യയായിരുന്നുവല്ലോ. അതിന്നു യേശു ഉത്തരം പറഞ്ഞതു: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു. എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിപ്പാനും കഴികയില്ല.

യോഹന്നാൻ 1:12-13

അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.

യോഹന്നാൻ 2:1

മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.

യോഹന്നാൻ 3:29-30

മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു. അവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ 4:16-18

യേശു അവളോടു: പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു. എനിക്കു ഭർത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: എനിക്കു ഭർത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി. അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ എന്നു യേശു പറഞ്ഞു.

യോഹന്നാൻ 4:53

ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയിൽ തന്നേ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു.

യോഹന്നാൻ 6:42

ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു.

യോഹന്നാൻ 9:1-3

അവൻ കടന്നുപോകുമ്പോൾ പിറവിയിലേ കുരുടനായോരു മനുഷ്യനെ കണ്ടു. അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. അതിന്നു യേശു: അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ.

യോഹന്നാൻ 14:18

ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.

യോഹന്നാൻ 16:21

സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതുകൊണ്ടു അവൾക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷംനിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓർക്കുന്നില്ല.

യോഹന്നാൻ 19:25-27

യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.

അപ്പൊ. പ്രവൃത്തികൾ 1:14

സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു.

അപ്പൊ. പ്രവൃത്തികൾ 2:17

“അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.

അപ്പൊ. പ്രവൃത്തികൾ 2:39

വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 10:2

അവൻ ഭക്തനും തന്റെ സകലഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർത്ഥിച്ചും പോന്നു.

അപ്പൊ. പ്രവൃത്തികൾ 11:14

നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.

അപ്പൊ. പ്രവൃത്തികൾ 16:15

അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.

അപ്പൊ. പ്രവൃത്തികൾ 16:31-34

കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു. പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.

റോമർ 7:2-3

ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി. ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു.

റോമർ 8:14-17

ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.

റോമർ 8:19-22

സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ. സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.

റോമർ 12:4-5

ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും; അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.

1. കൊരിന്ത്യർ 7:1-7

നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു. എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ. ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടബെട്ടിരിക്കുന്നതു ചെയ്യട്ടെ. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം. പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ. ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു. സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.

1. കൊരിന്ത്യർ 7:8-11

വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു. ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു. വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവു തന്നേ കല്പിക്കുന്നതു: ഭാര്യ ഭർത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവോടു നിരന്നുകൊള്ളേണം; ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു.

1. കൊരിന്ത്യർ 7:12-16

എന്നാൽ ശേഷമുള്ളവരോടു കർത്താവല്ല ഞാൻ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു. അവിശ്വസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുതു. അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു. അവിശ്വാസി വേറുപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. സ്ത്രീയേ, നീ ഭർത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?

1. കൊരിന്ത്യർ 7:25-29

കന്യകമാരെക്കുറിച്ചു എനിക്കു കർത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തൻ ആകുവാന്തക്കവണ്ണം കർത്താവിന്റെ കരുണ ലഭിച്ചവനായി ഞാൻ അഭിപ്രായം പറയുന്നു. ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു. നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുതു. നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവർക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുതു എന്നു എന്റെ ആഗ്രഹം. എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു;

1. കൊരിന്ത്യർ 7:32-35

നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു. അതുപോലെ ഭാര്യയായവൾക്കും കന്യകെക്കും തമ്മിൽ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു. ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായ് വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.

1. കൊരിന്ത്യർ 7:36-40

എന്നാൽ ഒരുത്തൻ തന്റെ കന്യകെക്കു പ്രായം കടന്നാൽ താൻ ചെയ്യുന്നതു അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ ദോഷം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ. എങ്കിലും നിർബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊൾവാൻ സ്വന്ത ഹൃദയത്തിൽ നിർണ്ണയിച്ചു എങ്കിൽ അവൻ ചെയ്യുന്നതു നന്നു. അങ്ങനെ ഒരുത്തൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു. ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭർത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാൻ സ്വാതന്ത്ര്യം ഉണ്ടു; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു. എന്നാൽ അവൾ അങ്ങനെതന്നേ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.

1. കൊരിന്ത്യർ 11:3-16

എന്നാൽ ഏതുപുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതുപുരുഷനും തന്റെ തലയെ അപമാനിക്കുന്നു. മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതുസ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൗരം ചെയ്യിച്ചതുപോലെയല്ലോ. സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ. പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു. പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു. പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു. ആകയാൽ സ്ത്രീക്കു ദൂതന്മാർനിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം. എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല. സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീമുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ. നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ? പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.

1. കൊരിന്ത്യർ 13:4-7

സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല, സ്നേഹം നിഗളിക്കുന്നില്ല, ചീർക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു; എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.

1. കൊരിന്ത്യർ 13:11

ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.

1. കൊരിന്ത്യർ 14:34-38

വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു അനുവാദമില്ല. അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ. ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു? താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കർത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ. ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ.

2. കൊരിന്ത്യർ 6:14-18

നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.

2. കൊരിന്ത്യർ 11:2

ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.

ഗലാത്യർ 4:1-2

അവകാശി സർവ്വത്തിന്നും യജമാനൻ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല, പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു.

ഗലാത്യർ 4:6-7

നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു. അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ: പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.

എഫെസ്യർ 4:14

അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ

എഫെസ്യർ 5:22-33

ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു. എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം. ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു. അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു. നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ. അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.

എഫെസ്യർ 6:1-4

മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു. പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.

കൊലൊസ്സ്യർ 3:18-21

ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുതു. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ. പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.

1. തെസ്സലൊനീക്യർ 2:7

ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു.

1. തെസ്സലൊനീക്യർ 2:11

തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാൻ തക്കവണ്ണം

1. തിമൊഥെയൊസ് 2:9-15

അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു. സ്ത്രീ മൗനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. മൗനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല. ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ; ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു. എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും

1. തിമൊഥെയൊസ് 3:2-5

എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം; മദ്യപ്രിയനും തല്ലുകാരനും അരുതു; ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?

1. തിമൊഥെയൊസ് 3:11-12

അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിർമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം. ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം.

1. തിമൊഥെയൊസ് 5:1-4

മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക. സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. വല്ല വിധവെക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‌വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.

1. തിമൊഥെയൊസ് 5:8

തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.

1. തിമൊഥെയൊസ് 5:9-16

സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ടു ഏകഭർത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ മക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം. ഇളയ വിധവമാരെ ഒഴിക്ക; അവർ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോൾ വിവാഹം ചെയ്‌വാൻ ഇച്ഛിക്കും. ആദ്യവിശ്വാസം തള്ളുകയാൽ അവർക്കു ശിക്ഷാവിധി ഉണ്ടു. അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുകമാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും. ആകയാൽ ഇളയവർ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇപ്പോൾ തന്നേ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ. ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കു മുട്ടുതീർക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ.

2. തിമൊഥെയൊസ് 3:14-15

നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക.

തീത്തൊസ് 1:6

മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.

തീത്തൊസ് 2:4-5

പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ.

എബ്രായർ 5:8

പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി

എബ്രായർ 11:7

വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു.

എബ്രായർ 12:5-9

“മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു. കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൗലടേയന്മാരത്രേ. നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?

എബ്രായർ 13:4

വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

യാക്കോബ് 1:27

പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.

യാക്കോബ് 2:15-17

ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‌വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു? അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു.

1. പത്രൊസ് 3:1-8

ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും. നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൗമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരുന്നതു. അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു. അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ. തീർച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.

1. പത്രൊസ് 5:5

അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.

1. യോഹന്നാൻ 3:14-17

നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു. സഹോദരനെ പകെക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു. അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു. എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?

2. യോഹന്നാൻ 1:4

നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.

3. യോഹന്നാൻ 1:4

എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.

വെളിപ്പാടു 12:1-6

സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു. അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു. സ്വർഗ്ഗത്തിൽ മറ്റൊരു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയിൽ ഏഴു രാജമുടിയുമായി തീനിറമുള്ളോരു മഹാസർപ്പം. അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാൻ മഹാസർപ്പം അവളുടെ മുമ്പിൽ നിന്നു. അവൾ സകലജാതികളെയും ഇരിമ്പുകോൽകൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു. സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.

വെളിപ്പാടു 19:7-9

നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. പിന്നെ അവൻ എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.

വെളിപ്പാടു 21:2

പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.

വെളിപ്പാടു 21:9

അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.

വെളിപ്പാടു 22:17

വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.

Malayalam - മലയാളം - ML

ML1910 - Malayalam Sathyavedapusthakam - 1910

Public Domain OPEN
https://find.bible/bibles/MALTBK/
Languages are made available to you by www.ipedge.net