30 – ദി റാപ്ചർ

ഇവ സർവ്വശക്തനായ ദൈവത്തിന്റെ വിശുദ്ധ വാക്കുകളാണ്.
മനുഷ്യരുടെ വാക്കുകളിൽ നമുക്ക് താൽപ്പര്യമില്ല.
ദൈവത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും... ദൈവം പറയുന്നത് ഇതാണ്: ദി റാപ്ചർ.

ഏറ്റവും പ്രധാനപ്പെട്ട 3 വാക്യങ്ങൾ

മത്തായി 24:29-31

ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും. അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.

1. തെസ്സലൊനീക്യർ 4:16-17

കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.

2. തെസ്സലൊനീക്യർ 2:1-4

ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു: കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ.

കാനോനിക ക്രമത്തിലെ ഓരോ വാക്യവും - 216 ഭാഗങ്ങൾ

ഉല്പത്തി 3:15

ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.

ഇയ്യോബ് 19:25-27

എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും. ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.

യെശയ്യാവു 2:2-4

അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.

യെശയ്യാവു 2:10-21

യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊൾക. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. സൈന്യങ്ങളുടെ യഹോവയുടെ നാൾ ഗർവ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും. ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാകരുവേലകങ്ങളിന്മേലും ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാകുന്നുകളിന്മേലും ഉന്നതമായ സകലഗോപുരത്തിന്മേലും ഉറപ്പുള്ള എല്ലാമതിലിന്മേലും എല്ലാ തർശീശ് കപ്പലിന്മേലും മനോഹരമായ സകലശൃംഗാരഗോപുരത്തിന്മേലും വരും. അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. മിത്ഥ്യാമൂർത്തികളോ അശേഷം ഇല്ലാതെയാകും. യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവർ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും. യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്നു തങ്ങൾ നമസ്കരിപ്പാൻ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിന്നും എറിഞ്ഞുകളയും.

യെശയ്യാവു 4:4-5

സീയോനിൽ മിഞ്ചീയിരിക്കുന്നവനും യെരൂശലേമിൽ ശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേർ എഴുതിയിരിക്കുന്ന ഏവനും തന്നേ, വിശുദ്ധൻ എന്നു വിളിക്കപ്പെടും. യഹോവ സീയോൻപർവ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന്നു ഒരു മേഘവും പുകയും രാത്രിക്കു അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകലതേജസ്സിന്നും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.

യെശയ്യാവു 9:6-7

നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.

യെശയ്യാവു 13:6-13

യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സർവ്വശക്തങ്കൽനിന്നു സർവ്വനാശംപോലെ വരുന്നു. അതുകൊണ്ടു എല്ലാകൈകളും തളർന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും. അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്കു പിടിപെടും; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; അവർ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും. ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു. ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യൻ ഉദയത്തിങ്കൽ തന്നേ ഇരുണ്ടു പോകും; ചന്ദ്രൻ പ്രകാശം നല്കുകയുമില്ല. ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദർശിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും. ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും ദുർല്ലഭമാക്കും. അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തുനിന്നു ഇളകിപ്പോകും;

യെശയ്യാവു 25:8

അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

യെശയ്യാവു 34:2-10

യഹോവെക്കു സകലജാതികളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവൻ അവരെ ശപഥാർപ്പിതമായി കൊലെക്കു ഏല്പിച്ചിരിക്കുന്നു. അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകൾ ഒഴുകിപ്പോകും. ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിലെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും. എന്റെ വാൾ സ്വർഗ്ഗത്തിൽ ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാർപ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും. യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവെക്കു ബൊസ്രയിൽ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു. അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും. അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു. അവിടത്തെ തോടുകൾ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും. രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നു പോകയുമില്ല.

യെശയ്യാവു 45:22-23

സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. എന്നാണ, എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.

യെശയ്യാവു 46:10

ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.

യെശയ്യാവു 52:8

നിന്റെ കാവല്ക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും.

യെശയ്യാവു 65:17

ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.

യെശയ്യാവു 66:22

ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവു 30:7

ആ നാൾപോലെ വേറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിന്നു കഷ്ടകാലം തന്നേ; എങ്കിലും അവൻ അതിൽനിന്നു രക്ഷിക്കപ്പെടും.

യെഹെസ്കേൽ 34:11-13

യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും. ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്റെ ആട്ടിൻ കൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകലസ്ഥലങ്ങളിലുംനിന്നു അവയെ വിടുവിക്കും. ഞാൻ അവയെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു ദേശങ്ങളിൽ നിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും.

യെഹെസ്കേൽ 37:12-13

അതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും. അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

ദാനീയേൽ 2:28

എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ആവിതു:

ദാനീയേൽ 2:31-35

രാജാവു കണ്ട ദർശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു. ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടും കാൽ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു. തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു. ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്നു വേനല്ക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപർവ്വതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.

ദാനീയേൽ 2:36-39

ഇതത്രേ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമനസ്സു അറിയിക്കാം. രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു. മനുഷ്യർ പാർക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കയ്യിൽ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ. തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.

ദാനീയേൽ 2:40-43

നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും. കാലും കാൽ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും. കാൽവിരൽ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും. ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താല്പര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.

ദാനീയേൽ 2:44-45

ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും. കൈ തൊടാതെ ഒരു കല്ലു പർവ്വതത്തിൽനിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു.

ദാനീയേൽ 7:2-8

ദാനീയേൽ വിവരിച്ചുപറഞ്ഞതെന്തെന്നാൽ: ഞാൻ രാത്രിയിൽ എന്റെ ദർശനത്തിൽ കണ്ടതു: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതു ഞാൻ കണ്ടു. അപ്പോൾ തമ്മിൽ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്നു കരേറിവന്നു. ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവിർത്തുനിർത്തി, അതിന്നു മാനുഷഹൃദയവും കൊടുത്തു. രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാർശ്വം ഉയർത്തിയും വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവർ അതിനോടു: എഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു. പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു; അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു. രാത്രിദർശനത്തിൽ ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകർക്കുകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകലമൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു. ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.

ദാനീയേൽ 7:9-10

ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.

ദാനീയേൽ 7:11-12

കൊമ്പു സംസാരിച്ച വലിയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു. ശേഷം മൃഗങ്ങളോ - അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.

ദാനീയേൽ 7:13-14

രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.

ദാനീയേൽ 7:17-18

ആ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു. എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.

ദാനീയേൽ 7:19-22

എന്നാൽ മറ്റെ സകലമൃഗങ്ങളിലുംവെച്ചു വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകർക്കയും ശേഷിച്ചതിനെ കാൽകൊണ്ടു ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും അതിന്റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചു മുളെച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാൾ കാഴ്ചെക്കു വണ്ണമേറിയതുമായ മറ്റെ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാൻ ഞാൻ ഇച്ഛിച്ചു. വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.

ദാനീയേൽ 7:23-27

അവൻ പറഞ്ഞതോ: നാലാമത്തെ മൃഗം ഭൂമിയിൽ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സർവ്വഭൂമിയെയും തിന്നു ചവിട്ടിത്തകർത്തുകളയും. ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തൻ എഴുന്നേല്ക്കും; അവൻ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും. അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും. എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും. പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.

ദാനീയേൽ 8:9-14

അവയിൽ ഒന്നിൽനിന്നു ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന്നു നേരെയും ഏറ്റവും വലുതായിത്തീർന്നു. അതു ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീർന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു. അതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താൻ വലുതാക്കി, അവന്നുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു. അതിക്രമം ഹേതുവായി നിരന്തരഹോമയാഗത്തിന്നെതിരായി ഒരു സേന നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും. അനന്തരം ഒരു വിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോടു മറ്റൊരു വിശുദ്ധൻ: വിശുദ്ധമന്ദിരത്തെയും സേനയെയും ചവിട്ടിക്കളയേണ്ടതിന്നു ഏല്പിച്ചുകൊടുപ്പാൻ തക്കവണ്ണം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ചു ദർശനത്തിൽ കണ്ടിരിക്കുന്നതു എത്രത്തോളം നില്ക്കും എന്നു ചോദിച്ചു. അതിന്നു അവൻ അവനോടു: രണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.

ദാനീയേൽ 8:15-19

എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു. ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനുഷ്യന്റെ ശബ്ദം ഞാൻ കേട്ടു. അപ്പോൾ ഞാൻ നിന്നെടത്തു അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോടു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു. അവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവൻ എന്നെ തൊട്ടു എഴുന്നേല്പിച്ചുനിർത്തി. പിന്നെ അവൻ പറഞ്ഞതു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.

ദാനീയേൽ 8:23-26

എന്നാൽ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേല്ക്കും. അവന്റെ അധികാരം വലുതായിരിക്കും; സ്വന്തശക്തിയാൽ അല്ലതാനും; അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കയും കൃതാർത്ഥനായി അതു അനുഷ്ഠിക്കയും പലരെയും വിശുദ്ധജനത്തെയും നശിപ്പിക്കയും ചെയ്യും. അവൻ നയബുദ്ധിയാൽ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തിൽ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കർത്താധികർത്താവിനോടു എതിർത്തുനിന്നു കൈ തൊടാതെ തകർന്നുപോകയും ചെയ്യും. സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചു പറഞ്ഞിരിക്കുന്ന ദർശനം സത്യമാകുന്നു; ദർശനം ബഹുകാലത്തേക്കുള്ളതാകയാൽ അതിനെ അടെച്ചുവെക്ക.

ദാനീയേൽ 9:24-27

അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‌വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു. അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും. അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും.

ദാനീയേൽ 10:14

നിന്റെ ജനത്തിന്നു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോൾ വന്നിരിക്കുന്നു; ദർശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.

ദാനീയേൽ 11:27-28

ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിപ്പാൻ ഭാവിച്ചുംകൊണ്ടു ഒരേ മേശയിങ്കൽവെച്ചു ഭോഷ്കു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളു. പിന്നെ അവൻ വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവൻ വിശുദ്ധനിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.

ദാനീയേൽ 11:29-34

നിയമിക്കപ്പെട്ട കാലത്തു അവൻ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല. കിത്തീംകപ്പലുകൾ അവന്റെ നേരെ വരും; അതുകൊണ്ടു അവൻ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും. അവൻ അയച്ച സൈന്യങ്ങൾ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിർത്തൽചെയ്തു ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കും. നിയമത്തിന്നു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവർത്തിക്കും. ജനത്തിൽ ബുദ്ധിമാന്മാരായവർ പലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്കു അവർ വാൾകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും; വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപടഭാവത്തോടെ അവരോടു ചേർന്നുകൊള്ളും.

ദാനീയേൽ 11:35

എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.

ദാനീയേൽ 11:36-39

രാജാവോ, ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കയും കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ. അവൻ എല്ലാറ്റിന്നും മേലായി തന്നെത്താൽ മഹത്വീകരിക്കയാൽ, തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല. അതിന്നു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ഒരു ദേവനെ അവൻ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും. അവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവെക്കും; അവനെ സ്വീകരിക്കുന്നവന്നു അവൻ മഹത്വം വർദ്ധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.

ദാനീയേൽ 11:40-45

പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും; അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യിൽനിന്നു വഴുതിപ്പോകും. അവൻ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല. അവൻ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികൾ ആയിരിക്കും. എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാക്രോധത്തോടെ പുറപ്പെടും. പിന്നെ അവൻ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.

ദാനീയേൽ 12:1-4

ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും. നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും. എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും. നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.

ദാനീയേൽ 12:5-7

അനന്തരം ദാനീയേലെന്ന ഞാൻ നോക്കിയപ്പോൾ, മറ്റുരണ്ടാൾ ഒരുത്തൻ നദീതീരത്തു ഇക്കരെയും മറ്റവൻ നദീതീരത്തു അക്കരെയും നില്ക്കുന്നതു കണ്ടു. എന്നാൽ ഒരുവൻ ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷനോടു: ഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോൾ വരും എന്നു ചോദിച്ചു. ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി: എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ബലത്തെ തകർത്തുകളഞ്ഞ ശേഷം ഈ കാര്യങ്ങൾ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാൻ കേട്ടു.

ദാനീയേൽ 12:8-10

ഞാൻ കേട്ടു എങ്കിലും ഗ്രഹിച്ചില്ല; ആകയാൽ ഞാൻ: യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും എന്നു ചോദിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു: ദാനീയേലേ, പൊയ്ക്കൊൾക; ഈ വചനങ്ങൾ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു. പലരും തങ്ങളെ ശുദ്ധീകരിച്ചു നിർമ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.

ദാനീയേൽ 12:11-13

നിരന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതൽ ആയിരത്തിരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും. ആയിരത്തി മുന്നൂറ്റിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ. നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.

ഹോശേയ 2:16

അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.

യോവേൽ 2:1-11

സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിപ്പിൻ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ. ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നേ. പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ടു ഉണ്ടായിട്ടില്ല; ഇനിമേലാൽ തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല. അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കയ്യിൽ നിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല. അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ കുതിരച്ചേവകരെപ്പോലെ ഓടുന്നു. അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനില്ക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ. അവരുടെ മുമ്പിൽ ജാതികൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു; അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ താന്താന്റെ വഴിയിൽ നടക്കുന്നു. അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു. അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു. അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു. യഹോവ തന്റെ സൈന്യത്തിൻ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവൻ ആർ?

യോവേൽ 2:28-29

അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങളെ ദർശിക്കും. ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.

യോവേൽ 2:30-32

ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻപർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

യോവേൽ 3:13-16

അരിവാൾ ഇടുവിൻ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിൻ; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ. വിധിയുടെ താഴ്‌വരയിൽ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്‌വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല. യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേൽമക്കൾക്കു ദുർഗ്ഗവും ആയിരിക്കും.

യോവേൽ 3:17-21

അങ്ങനെ ഞാൻ എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാർ ഇനി അതിൽകൂടി കടക്കയുമില്ല. അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്‌വരയെ നനെക്കും. യെഹൂദാദേശത്തുവെച്ചു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു അവരോടു ചെയ്ത സാഹസംഹേതുവായി മിസ്രയീം ശൂന്യമായ്തീരുകയും എദോം നിർജ്ജനമരുഭൂമിയായി ഭവിക്കയും ചെയ്യും. യെഹൂദെക്കോ സദാകാലത്തേക്കും യെരൂശലേമിന്നു തലമുറതലമുറയോളവും നിവാസികളുണ്ടാകും. ഞാൻ പോക്കീട്ടില്ലാത്ത അവരുടെ രക്തപാതകം ഞാൻ പോക്കും; യഹോവ സീയോനിൽ വസിച്ചുകൊണ്ടിരിക്കും.

മീഖാ 4:1-4

അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.

സെഫന്യാവു 1:14-18

യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം, ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ. മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും. യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകലഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.

സെഫന്യാവു 3:8

അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന്നു ജാതികളെ ചേർക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ നിർണ്ണയിച്ചിരിക്കുന്നു; സർവ്വഭൂമിയും എന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും.

സെഫന്യാവു 3:9

അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും.

ഹഗ്ഗായി 2:6-9

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും. ഞാൻ സകലജാതികളെയും ഇളക്കും; സകലജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

സെഖര്യാവു 14:1-3

അവർ നിന്റെ നടുവിൽവെച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു. ഞാൻ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല. എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും.

സെഖര്യാവു 14:4-8

അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്‌വര ഉളവായ്‌വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും. എന്നാൽ മലകളുടെ താഴ്‌വര ആസൽവരെ എത്തുന്നതുകൊണ്ടു നിങ്ങൾ എന്റെ മലകളുടെ താഴ്‌വരയിലേക്കു ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും. അന്നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിർഗ്ഗോളങ്ങൾ മറഞ്ഞുപോകും. യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും. അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;

സെഖര്യാവു 14:9

യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.

സെഖര്യാവു 14:10-15

ദേശം മുഴവനും മാറി ഗേബമുതൽ യെരൂശലേമിന്നു തെക്കു രിമ്മോൻവരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻഗോപുരം മുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നേ, ഹനനേൽഗോപുരംമുതൽ രാജാവിന്റെ ചക്കാലകൾവരെയും നിവാസികൾ ഉള്ളതാകും. അവർ അതിൽ പാർക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിർഭയം വസിക്കും. യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതു: അവർ നിവിർന്നുനില്ക്കുമ്പോൾ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തിൽ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായിൽ തന്നേ ചീഞ്ഞഴുകിപ്പോകും. അന്നാളിൽ യഹോവയാൽ ഒരു മഹാപരാഭവം അവരുടെ ഇടയിൽ ഉണ്ടാകും; അവർ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും. യെഹൂദയും യെരൂശലേമിൽവെച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും. അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവർകഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങൾക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.

സെഖര്യാവു 14:16-19

എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും. ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാൻ യെരൂശലേമിലേക്കു വരാത്തപക്ഷം അവർക്കു മഴയുണ്ടാകയില്ല. മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുണ്ടാകും. കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകലജാതികൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.

സെഖര്യാവു 14:20-21

അന്നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവെക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും. യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവെക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകയില്ല.

മലാഖി 3:2-3

എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും. അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവെക്കു വഴിപാടു അർപ്പിക്കും.

മത്തായി 13:38-43

വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ; കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളകയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.

മത്തായി 13:47-50

പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം. നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു. അങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

മത്തായി 16:2-3

അവരോടു അവൻ ഉത്തരം പറഞ്ഞതു: സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവാകും എന്നും രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാല ലക്ഷണങ്ങളെ വിവേചിപ്പാൻ കഴികയില്ലയോ?

മത്തായി 16:27-28

മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

മത്തായി 19:28

യേശു അവരോടു പറഞ്ഞതു: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു

മത്തായി 24:3-8

അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. അതിന്നു യേശു ഉത്തരം പറഞ്ഞതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.

മത്തായി 24:9-14

അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും. പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും. അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും. എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും. രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.

മത്തായി 24:15-22

എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ - അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ. വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു; വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു. ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ. ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും. ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും.

മത്തായി 24:23-28

അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരുവു ആകും. ശവം ഉള്ളേടത്തു കഴുക്കൾ കൂടും.

മത്തായി 24:29-31

ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും. അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.

മത്തായി 24:32-39

അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.

മത്തായി 24:40-44

അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും. രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും. നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ. കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.

മത്തായി 24:45-51

എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു, കൂട്ടുദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

മത്തായി 25:1-13

സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും. അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു. ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല. ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു. പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി. അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി. അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു. എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു. ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു. അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു. അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു. അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.

മത്തായി 25:31-33

മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.

മത്തായി 25:34-40

രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.

മത്തായി 25:41-46

പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും. അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു: ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും. ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.

മത്തായി 26:64

യേശു അവനോടു: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു.

മർക്കൊസ് 8:38

വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;

മർക്കൊസ് 9:1

പിന്നെ അവൻ അവരോടു: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

മർക്കൊസ് 13:4-8

അതു എപ്പോൾ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞു തുടങ്ങിയതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ടു അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും. എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതു ഈറ്റുനോവിന്റെ ആരംഭമത്രേ.

മർക്കൊസ് 13:9-13

എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽവെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും. എന്നാൽ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു. അവർ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോൾ എന്തു പറയേണ്ടു എന്നു മുൻകൂട്ടി വിചാരപ്പെടരുതു. ആ നാഴികയിൽ നിങ്ങൾക്കു ലഭിക്കുന്നതു തന്നേ പറവിൻ; പറയുന്നതു നിങ്ങൾ അല്ല, പരിശുദ്ധാത്മാവത്രേ. സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരെ എഴുന്നേറ്റു അവരെ കൊല്ലിക്കും. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.

മർക്കൊസ് 13:14-20

എന്നാൽ ശൂന്യമാക്കുന്ന മ്ലേച്ഛത നില്ക്കരുതാത്ത സ്ഥലത്തു നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ, ‒ വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ ‒ അന്നു യെഹൂദ്യദേശത്തു ഉള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ. വീട്ടിന്മേൽ ഇരിക്കുന്നവൻ അകത്തേക്കു ഇറങ്ങിപോകയോ വീട്ടിൽ നിന്നു വല്ലതും എടുപ്പാൻ കടക്കയോ അരുതു. വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു. ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! എന്നാൽ അതു ശീതകാലത്തു സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ. ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭം മുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും. കർത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർ നിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.

മർക്കൊസ് 13:21-23

അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുതു. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.

മർക്കൊസ് 13:24-27

എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും. അന്നു അവൻ തന്റെ ദൂതന്മാരെ അയച്ചു, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽ നിന്നും കൂട്ടിച്ചേർക്കും.

മർക്കൊസ് 13:28-37

അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല. ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല. ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ. ഒരു മനുഷ്യൻ വീടുവിട്ടു പരദേശത്തുപോകുമ്പോൾ ദാസന്മാർക്കു അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതിൽകാവൽക്കാരനോടു ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ. യജമാനൻ സന്ധ്യക്കോ അർദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു അറിയായ്കകൊണ്ടു, അവൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണർന്നിരിപ്പിൻ. ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.

മർക്കൊസ് 14:62

ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.

ലൂക്കൊസ് 9:26-27

ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ടു സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 12:35-40

നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. യജമാനൻ കല്യാണത്തിന്നു പോയി വന്നു മുട്ടിയാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന്നു അവൻ എപ്പോൾ മടങ്ങിവരും വന്നു കാത്തുനില്ക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായിരിപ്പിൻ. യജമാനൻ വരുന്നേരം ഉണർന്നിരിക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവർക്കു ശുശ്രൂഷ ചെയ്കയും ചെയ്യു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാമതിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ. കള്ളൻ ഇന്ന നാഴികെക്കു വരുന്നു എന്നു വിട്ടുടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീടു തുരപ്പാൻ സമ്മതിക്കയില്ല എന്നറിവിൻ. നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.

ലൂക്കൊസ് 12:43-47

യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തുകാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാൽ, അവൻ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനൻ വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും. യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും.

ലൂക്കൊസ് 12:54-56

പിന്നെ അവൻ പുരുഷാരത്തോടു പറഞ്ഞതു: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോൾ പെരുമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു. തെക്കൻ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു. കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ വിവേചിപ്പാൻ നിങ്ങൾക്കു അറിയാം;

ലൂക്കൊസ് 17:22-24

പിന്നെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും; കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുതു, പിൻ ചെല്ലുകയുമരുതു. മിന്നൽ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും.

ലൂക്കൊസ് 17:25-30

എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും. നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു. ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു. എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നേ ആകും.

ലൂക്കൊസ് 17:31-33

അന്നു വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിന്നകത്തുള്ള സാധനം എടുപ്പാൻ ഇറങ്ങിപ്പോകരുതു; അവ്വണ്ണം വയലിൽ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു. ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ. തന്റെ ജീവനെ നേടുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.

ലൂക്കൊസ് 17:34-37

ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും. രണ്ടുപേർ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും; മറ്റവളെ ഉപേക്ഷിക്കും [രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവർ അവനോടു: കർത്താവേ, എവിടെ എന്നു ചോദിച്ചതിന്നു:ശവം ഉള്ളേടത്തു കഴുക്കൾ കൂടും എന്നു അവൻ പറഞ്ഞു.

ലൂക്കൊസ് 18:7-8

ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവു പറഞ്ഞു.

ലൂക്കൊസ് 21:10-11

പിന്നെ അവൻ അവരോടു പറഞ്ഞതു: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും.

ലൂക്കൊസ് 21:12-19

ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും. അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും. ആകയാൽ പ്രതിവാദിപ്പാൻ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സിൽ ഉറെച്ചുകൊൾവിൻ. നിങ്ങളുടെ എതിരികൾക്കു ആർക്കും ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും. എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും. നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും. നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.

ലൂക്കൊസ് 21:20-24

സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു. എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു. ആ കാലത്തു ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും. അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.

ലൂക്കൊസ് 21:25-28

സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും. ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും. അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും. ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.

ലൂക്കൊസ് 21:29-36

ഒരുപമയും അവരോടു പറഞ്ഞതു: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ. അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ. അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ. സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ. അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.

യോഹന്നാൻ 5:25-29

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു. അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.

യോഹന്നാൻ 14:2-3

എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും

അപ്പൊ. പ്രവൃത്തികൾ 1:9-11

ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു. അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു: ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.

റോമർ 8:18-19

നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു. സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

റോമർ 14:11

“എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

റോമർ 16:20

സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

1. കൊരിന്ത്യർ 3:12-15

ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും; ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും. ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും. ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.

1. കൊരിന്ത്യർ 4:5

ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.

1. കൊരിന്ത്യർ 5:5-6

ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു. നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?

1. കൊരിന്ത്യർ 15:50-52

സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.

ഫിലിപ്പിയർ 2:10-11

അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാനാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.

കൊലൊസ്സ്യർ 3:4

നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.

1. തെസ്സലൊനീക്യർ 1:10

അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗ്ഗത്തിൽനിന്നു വരുന്നതു കാത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നെ പറയുന്നു.

1. തെസ്സലൊനീക്യർ 4:13-15

സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.

1. തെസ്സലൊനീക്യർ 4:16-17

കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.

1. തെസ്സലൊനീക്യർ 5:1-4

സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല. കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;

1. തെസ്സലൊനീക്യർ 5:9-10

ദൈവം നമ്മെ കോപത്തിന്നല്ല, നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.

2. തെസ്സലൊനീക്യർ 1:4-10

അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു. അതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ. ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.

2. തെസ്സലൊനീക്യർ 2:1-4

ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു: കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ.

2. തെസ്സലൊനീക്യർ 2:5-12

നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ? അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു. അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം. അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും. അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും; അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.

1. തിമൊഥെയൊസ് 6:14-16

എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു. ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.

2. തിമൊഥെയൊസ് 3:1-5

അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.

2. തിമൊഥെയൊസ് 4:1-5

ഞാൻ ദൈവത്തെയും ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു: വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക. അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും. നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.

2. തിമൊഥെയൊസ് 4:8

ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.

തീത്തൊസ് 2:13

ഈ സാക്ഷ്യം നേർ തന്നേ; അതുനിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും

എബ്രായർ 1:10-12

“കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.

എബ്രായർ 9:23-28

ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നതു ആവശ്യം. സ്വർഗ്ഗീയമായവെക്കോ ഇവയെക്കാൾ നല്ല യാഗങ്ങൾ ആവശ്യം. ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു. മഹാപുരോഹിതൻ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല. അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി. ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.

എബ്രായർ 10:25

സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.

എബ്രായർ 11:35

സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.

യാക്കോബ് 5:1-3

അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ. നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി. നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.

യാക്കോബ് 5:7-8

എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ. നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.

2. പത്രൊസ് 3:3-7

അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ. ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.

2. പത്രൊസ് 3:8-9

എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു. ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.

2. പത്രൊസ് 3:10-13

കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം. എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.

1. യോഹന്നാൻ 2:17-19

ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു. കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം. അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.

1. യോഹന്നാൻ 4:1-6

പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‌വിൻ. ദൈവാത്മാവിനെ ഇതിനാൽ അറിയാം: യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു. കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ. അവർ ലൗകികന്മാർ ആകയാൽ ലൗകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേൾക്കുന്നു. ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവൻ ഞങ്ങളുടെ വാക്കു കേൾക്കുന്നില്ല. സത്യത്തിന്റെ ആത്മാവു ഏതു എന്നും വഞ്ചനയുടെ ആത്മാവു ഏതു എന്നും നമുക്കു ഇതിനാൽ അറിയാം.

2. യോഹന്നാൻ 1:7-11

യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വരുന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.

യൂദാ 1:14-15

ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു: “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകലപ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളുംനിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.

വെളിപ്പാടു 1:1

യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.

വെളിപ്പാടു 1:7

ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.

വെളിപ്പാടു 3:10-12

സഹിഷ്ണതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും. ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക. ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.

വെളിപ്പാടു 3:15-19

ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും. ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു. എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.

വെളിപ്പാടു 4:1

അനന്തരം സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടു: ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.

വെളിപ്പാടു 5:1-10

ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാൽ മുദ്രയിട്ടൊരു പുസ്തകം കണ്ടു. ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുള്ളു എന്നു അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു. പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല. പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാൻ ഏറ്റവും കരഞ്ഞു. അപ്പോൾ മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു. അവൻ വന്നു സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ നിന്നു പുസ്തകം വാങ്ങി. വാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ഓരോരുത്തൻ വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു. പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ടു അവർ പാടുന്നു.

വെളിപ്പാടു 5:11-14

പിന്നെ ഞാൻ ദർശനത്തിൽ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു. അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു. നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.

വെളിപ്പാടു 6:1-2

കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കംപോലെ പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.

വെളിപ്പാടു 6:3-4

അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി.

വെളിപ്പാടു 6:5-6

മൂന്നാം മുദ്രപൊട്ടിച്ചപ്പോൾ: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു. ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു.

വെളിപ്പാടു 6:7-8

നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം ലഭിച്ചു.

വെളിപ്പാടു 6:9-11

അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിങ്കീഴിൽ കണ്ടു; വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയിൽ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു. അപ്പോൾ അവരിൽ ഓരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാർക്കേണം എന്നു അവർക്കു അരുളപ്പാടുണ്ടായി.

വെളിപ്പാടു 6:12-17

ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു. അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു. പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി. ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും; ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ. അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു.

വെളിപ്പാടു 7:1-3

അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്ക്കുന്നതു ഞാൻ കണ്ടു. മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതന്മാരോടു: നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.

വെളിപ്പാടു 7:4-8

മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ. യെഹൂദാഗോത്രത്തിൽ മുദ്രയേറ്റവർ പന്തീരായിരം; രൂബേൻ ഗോത്രത്തിൽ പന്തീരായിരം; ഗാദ് ഗോത്രത്തിൽ പന്തീരായിരം; ആശേർഗോത്രത്തിൽ പന്തീരായിരം; നപ്താലിഗോത്രത്തിൽ പന്തീരായിരം; മനശ്ശെഗോത്രത്തിൽ പന്തീരായിരം; ശിമെയോൻ ഗോത്രത്തിൽ പന്തീരായിരം; ലേവി ഗോത്രത്തിൽ പന്തീരായിരം; യിസ്സാഖാർ ഗോത്രത്തിൽ പന്തീരായിരം; സെബൂലോൻ ഗോത്രത്തിൽ പന്തീരായിരം; യോസേഫ് ഗോത്രത്തിൽ പന്തീരായിരം; ബെന്യാമീൻ ഗോത്രത്തിൽ മുദ്രയേറ്റവർ പന്തിരായിരം പേർ.

വെളിപ്പാടു 7:9-17

ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു. രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണു വീണു; ആമേൻ; നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു. മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു. യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു. അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും. ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല. സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.

വെളിപ്പാടു 8:1-6

അവൻ ഏഴാം മുദ്രപൊട്ടിച്ചപ്പോൾ സ്വർഗ്ഗത്തിൽ ഏകദേശം അര മണിക്കൂറോളം മൗനത ഉണ്ടായി. അപ്പോൾ ദൈവസന്നിധിയിൽ ഏഴു ദൂതന്മാർ നില്ക്കുന്നതു ഞാൻ കണ്ടു; അവർക്കു ഏഴു കാഹളം ലഭിച്ചു. മറ്റൊരു ദൂതൻ ഒരു സ്വർണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണപീഠത്തിൻ മേൽ സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിന്നു വളരെ ധൂപവർഗ്ഗം അവന്നു കൊടുത്തു. ധൂപവർഗ്ഗത്തിന്റെ പുക വിശുദ്ധന്മാരുടെ പ്രാർത്ഥനയോടുകൂടെ ദൂതന്റെ കയ്യിൽനിന്നു ദൈവസന്നിധിയിലേക്കു കയറി. ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി. ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.

വെളിപ്പാടു 8:7

ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലർന്ന കല്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.

വെളിപ്പാടു 8:8-9

രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീർന്നു. സമുദ്രത്തിൽ പ്രാണനുള്ള സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു.

വെളിപ്പാടു 8:10-11

മൂന്നാമത്തെ ദൂതൻ ഊതി; അപ്പോൾ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു. ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി.

വെളിപ്പാടു 8:12-13

നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി. അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കാൺകയും കേൾക്കയും ചെയ്തു.

വെളിപ്പാടു 9:1-12

അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു. അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തിൽനിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു. നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി. അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉള്ള വേദനപോലെ തന്നേ. ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ടു ഓടിപ്പോകും. വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു. സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു. ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു. തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാൻ അതിന്നുള്ള ശക്തി വാലിൽ ആയിരുന്നു. അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ. കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.

വെളിപ്പാടു 9:13-21

ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണ്ണ പീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു: യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു. ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു. കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാൻ കേട്ടു. ഞാൻ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടതു എങ്ങനെ എന്നാൽ: അവർക്കു തീനിറവും രക്തനീലവും ഗന്ധകവർണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു. വായിൽ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചുപോയി. കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സർപ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു; ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയും, കാണ്മാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല. തങ്ങളുടെ കൊലപാതകം, ക്ഷുദ്രം, ദുർന്നടപ്പു, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.

വെളിപ്പാടു 10:1-7

ബലവാനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നിറങ്ങുന്നതു ഞാൻ കണ്ടു. അവൻ മേഘം ഉടുത്തും തലയിൽ ആകാശവില്ലുധരിച്ചും മുഖം സൂര്യനെപ്പോലെയും കാൽ തീത്തൂണുപോലെയും ഉള്ളവൻ. അവന്റെ കയ്യിൽ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവൻ വലങ്കാൽ സമുദ്രത്തിന്മേലും ഇടങ്കാൽ ഭൂമിമേലും വെച്ചു, സിംഹം അലറുംപോലെ അത്യുച്ചത്തിൽ ആർത്തു; ആർത്തപ്പോൾ ഏഴു ഇടിയും നാദം മുഴക്കി. ഏഴു ഇടി നാദം മുഴക്കിയപ്പോൾ ഞാൻ എഴുതുവാൻ ഭാവിച്ചു; എന്നാൽ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വർഗ്ഗത്തിൽനിന്നു ഒരുശബ്ദം കേട്ടു. സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാൻ കണ്ട ദൂതൻ വലങ്കൈ ആകാശത്തെക്കു ഉയർത്തി: ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതൻ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മർമ്മം അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്നു ആകാശവും അതിലുള്ളതും ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.

വെളിപ്പാടു 10:8-11

ഞാൻ സ്വർഗ്ഗത്തിൽ നിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്റെ കയ്യിൽ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു. ഞാൻ ദൂതന്റെ അടുക്കൽ ചെന്നു ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തേൻപോലെ മധുരിക്കും എന്നു പറഞ്ഞു. ഞാൻ ദൂതന്റെ കയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങിതിന്നു; അതു എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോൾ എന്റെ വയറു കൈച്ചുപോയി. അവൻ എന്നോടു: നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.

വെളിപ്പാടു 11:1-6

പിന്നെ ദണ്ഡുപോലെയുള്ള ഒരു കോൽ എന്റെ കയ്യിൽ കിട്ടി കല്പന ലഭിച്ചതു: നീ എഴുന്നേറ്റു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ നമസ്കരിക്കുന്നവരെയും അളക്കുക. ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികൾക്കു കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും. അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും. അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു. ആരെങ്കിലും അവർക്കു ദോഷം ചെയ്‌വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽ നിന്നു തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവർക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും. അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാൻ അവർക്കു അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു.

വെളിപ്പാടു 11:7-10

അവർ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തിൽ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും. അവരുടെ കർത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും. സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയിൽ വെപ്പാൻ സമ്മതിക്കയില്ല. ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികൾ അവർ നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും.

വെളിപ്പാടു 11:11-14

മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്നു ജീവശ്വാസം അവരിൽ വന്നു അവർ കാൽ ഊന്നിനിന്നു — അവരെ കണ്ടവർ ഭയപരവശരായിത്തീർന്നു — ഇവിടെ കയറിവരുവിൻ എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവർ മേഘത്തിൽ സ്വർഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരുന്നു. ആ നാഴികയിൽ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്നു ഇടിഞ്ഞുവീണു; ഭൂകമ്പത്തിൽ ഏഴായിരം പേർ മരിച്ചുപോയി; ശേഷിച്ചവർ ഭയപരവശരായി സ്വർഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു. രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.

വെളിപ്പാടു 11:15-19

ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി. ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു: സർവ്വശക്തിയുള്ള കർത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു. അപ്പോൾ സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തിൽ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.

വെളിപ്പാടു 12:1-6

സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു. അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു. സ്വർഗ്ഗത്തിൽ മറ്റൊരു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയിൽ ഏഴു രാജമുടിയുമായി തീനിറമുള്ളോരു മഹാസർപ്പം. അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാൻ മഹാസർപ്പം അവളുടെ മുമ്പിൽ നിന്നു. അവൾ സകലജാതികളെയും ഇരിമ്പുകോൽകൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു. സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.

വെളിപ്പാടു 12:7-12

പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു. അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.

വെളിപ്പാടു 12:13-17

തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി. അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു. സർപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായിൽ നിന്നു നദിപോലെ വെള്ളം ചാടിച്ചു. എന്നാൽ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസർപ്പം വായിൽനിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു. മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.

വെളിപ്പാടു 13:1-6

അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു. ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു. അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു. മൃഗത്തിന്നു അധികാരം കൊടുത്തതുകൊണ്ടു അവർ മഹാസർപ്പത്തെ നമസ്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു. വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു. അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു.

വെളിപ്പാടു 13:7-10

വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു. ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ. അടിമയാക്കി കൊണ്ടുപോകുന്നവൻ അടിമയായിപ്പോകും; വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണതയും വിശ്വാസവും കൊണ്ടു ആവശ്യം.

വെളിപ്പാടു 13:11-15

മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാസർപ്പം എന്നപോലെ സംസാരിച്ചു. അതു ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതിൽ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു. അതു മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങൾ പ്രവൃത്തിക്കയും മൃഗത്തിന്റെ മുമ്പിൽ പ്രവൃത്തിപ്പാൻ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാൻ ഭൂവാസികളോടു പറകയും ചെയ്യുന്നു. മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.

വെളിപ്പാടു 13:16-18

അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‌വാൻ വഹിയാതെയും ആക്കുന്നു. ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.

വെളിപ്പാടു 14:1-5

പിന്നെ ഞാൻ സീയോൻമലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു. പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വർഗ്ഗത്തിൽനിന്നു ഒരു ഘോഷം കേട്ടു; ഞാൻ കേട്ട ഘോഷം വൈണികന്മാർ വീണമീട്ടുന്നതുപോലെ ആയിരുന്നു. അവർ സിംഹാസനത്തിന്നും നാലു ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയിൽ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല. അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു. ഭോഷ്കു അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ തന്നേ.

വെളിപ്പാടു 14:6-8

വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു. രണ്ടാമതു വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി; തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൻ വീണുപോയി എന്നു പറഞ്ഞു.

വെളിപ്പാടു 14:9-12

മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാർക്കും കുഞ്ഞാടിന്നും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും. അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല. ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം.

വെളിപ്പാടു 14:13

ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.

വെളിപ്പാടു 14:14-16

പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. മേഘത്തിന്മേൽ ഇരിക്കുന്നവൻ അരിവാൾ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയിൽ കൊയ്ത്തു നടന്നു.

വെളിപ്പാടു 14:17-20

മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആലയത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു. തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറപ്പെട്ടു, മൂർച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. ദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു. ചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.

വെളിപ്പാടു 15:1

ഞാൻ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വർഗ്ഗത്തിൽ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീർന്നു.

വെളിപ്പാടു 15:2-4

തീ കലർന്ന പളുങ്കുകടൽപോലെ ഒന്നും മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവർ ദൈവത്തിന്റെ വീണകൾ പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നില്ക്കുന്നതും ഞാൻ കണ്ടു. അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതു: സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.

വെളിപ്പാടു 15:5-8

ഇതിന്റെ ശേഷം സ്വർഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാൻ കണ്ടു. ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചും മാറത്തു പൊൻകച്ച കെട്ടിയുംകൊണ്ടു ദൈവാലയത്തിൽ നിന്നു പുറപ്പെട്ടുവന്നു. അപ്പോൾ നാലു ജീവികളിൽ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊൻകലശം ആ ഏഴു ദൂതന്മാർക്കു കൊടുത്തു. ദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തിൽ കടപ്പാൻ ആർക്കും കഴിഞ്ഞില്ല.

വെളിപ്പാടു 16:1

നിങ്ങൾ പോയി ക്രോധകലശം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തിൽനിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാൻ കേട്ടു.

വെളിപ്പാടു 16:2

ഒന്നാമത്തവൻ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു; അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യർക്കു വല്ലാത്ത ദുർവ്രണം ഉണ്ടായി.

വെളിപ്പാടു 16:3

രണ്ടാമത്തവൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.

വെളിപ്പാടു 16:4-7

മൂന്നാമത്തെ ദൂതൻ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീർന്നു. അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാൻ ആകുന്നു. വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ. അവ്വണ്ണം യാഗപീഠവും: അതേ, സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.

വെളിപ്പാടു 16:8-9

നാലാമത്തവൻ തന്റെ കലശം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു. മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി; ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.

വെളിപ്പാടു 16:10-11

അഞ്ചാമത്തവൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി. അവർ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാൽ സ്വർഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.

വെളിപ്പാടു 16:12

ആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്കു നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.

വെളിപ്പാടു 16:13-16

മഹാസർപ്പത്തിന്റെ വായിൽ നിന്നും മൃഗത്തിന്റെ വായിൽ നിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു. ഇവ സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ.— ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ.— അവ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു.

വെളിപ്പാടു 16:17-21

ഏഴാമത്തവൻ തന്റെ കലശം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ: സംഭവിച്ചുതീർന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തിൽ നിന്നു വന്നു. മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല. മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയിൽ ഓർത്തു. സകലദ്വീപും ഓടിപ്പോയി; മലകൾ കാണ്മാനില്ലാതെയായി. താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മമഴ ആകാശത്തു നിന്നു മനുഷ്യരുടെ മേൽ പെയ്തു; കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യർ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.

വെളിപ്പാടു 17:1-7

പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ വന്നു എന്നോടു സംസാരിച്ചു: വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താൽ ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു. അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു. ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു. മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു. വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു. ദൂതൻ എന്നോടു പറഞ്ഞതു: നീ ആശ്ചര്യപ്പെടുന്നതു എന്തു? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്റെയും മർമ്മം ഞാൻ പറഞ്ഞുതരാം.

വെളിപ്പാടു 17:8-13

നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും. ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു. ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു. നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും. ഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു.

വെളിപ്പാടു 17:14-18

അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും. പിന്നെ അവൻ എന്നോടു പറഞ്ഞതു: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ. നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും. ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‌വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു. നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം തന്നേ.

വെളിപ്പാടു 18:1-3

അനന്തരം ഞാൻ വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു കണ്ടു; അവന്റെ തേജസ്സിനാൽ ഭൂമി പ്രകാശിച്ചു. അവൻ ഉറക്കെ വിളിച്ചുപറഞ്ഞതു: വീണുപോയി: മഹതിയാം ബാബിലോൻ വീണുപോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുള്ള സകലപക്ഷികളുടെയും തടവുമായിത്തീർന്നു. അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാർ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികൾ അവളുടെ പുളെപ്പിന്റെ ആധിക്യത്താൽ സമ്പന്നരാകയും ചെയ്തു.

വെളിപ്പാടു 18:4-8

വേറോരു ശബ്ദം സ്വർഗ്ഗത്തിൽ നിന്നു പറയുന്നതായി ഞാൻ കേട്ടതു: എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ടു. അവൾ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങൾ അവൾക്കു പകരം ചെയ്‌വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്കു ഇരട്ടിച്ചു കൊടുപ്പിൻ; അവൾ കലക്കിത്തന്ന പാനപാത്രത്തിൽ അവൾക്കു ഇരട്ടി കലക്കിക്കൊടുപ്പിൻ; അവൾ തന്നെത്താൻ മഹത്വപ്പെടുത്തി പുളെച്ചേടത്തോളം അവൾക്കു പീഡയും ദുഃഖവും കൊടുപ്പിൻ. രാജ്ഞിയായിട്ടു ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ദുഃഖം കാൺകയുമില്ല എന്നു അവൾ ഹൃദയംകൊണ്ടു പറയുന്നു. അതുനിമിത്തം മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ച ദൈവമായ കർത്താവു ശക്തനല്ലോ.

വെളിപ്പാടു 18:9-22

അവളോടു കൂടെ വേശ്യാസംഗം ചെയ്തു പുളെച്ചിരിക്കുന്ന ഭൂരാജാക്കന്മാർ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ടു അവളുടെ ദഹനത്തിന്റെ പുക കാണുമ്പോൾ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ടു: അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും ഭൂമിയിലെ വ്യാപാരികൾ പൊന്നു, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്രവസ്ത്രം, പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങൾ, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങൾ, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മർമ്മരക്കല്ലുംകൊണ്ടുള്ള ഓരോ സാമാനം, ലവംഗം, ഏലം, ധൂപവർഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു. നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉള്ളതെല്ലാം നിനക്കു ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല. ഈ വകകൊണ്ടു വ്യാപാരം ചെയ്തു അവളാൽ സമ്പന്നരായവർ അവൾക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തുനിന്നു: അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവർണ്ണവും കടുഞ്ചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്രവലിയ സമ്പത്തു ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും. ഏതു മാലുമിയും ഓരോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പൽക്കാരും കടലിൽ തൊഴിൽ ചെയ്യുന്നവരൊക്കയും ദൂരത്തുനിന്നു അവളുടെ ദഹനത്തിന്റെ പുക കണ്ടു: മഹാനഗരത്തോടു തുല്യമായ നഗരം ഏതു എന്നു നിലവിളിച്ചുപറഞ്ഞു. അവർ തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു: അയ്യോ, അയ്യോ, കടലിൽ കപ്പലുള്ളവർക്കു എല്ലാം തന്റെ ഐശ്വര്യത്താൽ സമ്പത്തു വർദ്ധിപ്പിച്ച മഹാനഗരം ഒരു മണിക്കൂറുകൊണ്ടു നശിച്ചു പോയല്ലോ എന്നു പറഞ്ഞു കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു. സ്വർഗ്ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോടു നിങ്ങൾക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ടു അവളെച്ചൊല്ലി ആനന്ദിപ്പിൻ. പിന്നെ ശക്തനായോരു ദൂതൻ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബിലോൻ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല. വൈണികന്മാർ, വാദ്യക്കാർ, കുഴലൂത്തുകാർ, കാഹളക്കാർ എന്നിവരുടെ സ്വരം നിന്നിൽ ഇനി കേൾക്കയില്ല; യാതൊരു കൗശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഇനി നിന്നിൽ കേൾക്കയില്ല.

വെളിപ്പാടു 18:23-24

വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ ക്ഷുദ്രത്താൽ സകലജാതികളും വശീകരിക്കപ്പെട്ടിരുന്നു. പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടതു.

വെളിപ്പാടു 19:1-6

അനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു. വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം ചെയ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. അവർ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു. ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു. നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു. അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.

വെളിപ്പാടു 19:7-10

നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. പിന്നെ അവൻ എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു. ഞാൻ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാല്ക്കൽ വീണു; അപ്പോൾ അവൻ എന്നോടു: അതരുതു; ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.

വെളിപ്പാടു 19:11-16

അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണു അഗ്നിജ്വാല; തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു. സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു. ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു. രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.

വെളിപ്പാടു 19:17-18

ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും: രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിൻ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.

വെളിപ്പാടു 19:19-21

കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‌വാൻ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാൻ കണ്ടു. മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു. ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.

വെളിപ്പാടു 20:1-3

അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.

വെളിപ്പാടു 20:4-6

ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.

വെളിപ്പാടു 20:7-9

ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും. അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും. അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.

വെളിപ്പാടു 20:10

അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.

വെളിപ്പാടു 20:11-15

ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി. സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.

വെളിപ്പാടു 21:1-2

ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.

വെളിപ്പാടു 21:3-9

സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൗജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും. എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം. അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.

വെളിപ്പാടു 21:10-21

അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു. അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു. അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു. കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം. നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു. എന്നോടു സംസാരിച്ചവനു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു. നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ. അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു. മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു. നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം, അഞ്ചാമത്തേതു നഖവർണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധിരത്നം. പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു.

വെളിപ്പാടു 21:22-27

മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു. ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും. അതിന്റെ ഗോപുരങ്ങൾ പകൽക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ. ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും. കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.

വെളിപ്പാടു 22:12

ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.

Malayalam - മലയാളം - ML

ML1910 - Malayalam Sathyavedapusthakam - 1910

Public Domain OPEN
https://find.bible/bibles/MALTBK/
Languages are made available to you by www.ipedge.net